ഉറവിടമറിയാത്ത രോഗികള്‍; സംസ്ഥാനത്ത് സാമൂഹ്യവ്യാപനമുണ്ടോ എന്ന് വ്യക്തമാക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ ഉറവിടമറിയാന്‍ സാധിക്കാത്തത് മറ്റൊരു ആശങ്കയ്ക്ക് കൂടി വഴിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 60ല്‍ ഏറെ രോഗികളുടെ വൈറസ് ബാധയുടെ സ്രോതസ് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവരില്‍ 49 പേരും മേയ് 4ന് ശേഷമാണ് രോഗം ബാധിതരായത്. കണ്ണൂരില്‍ െ്രെഡവര്‍ അടക്കം ഏഴ് പേര്‍ മരിക്കുകയും ചെയ്തു. ഇന്നലെ 118 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

സ്രോതസ് തിരിച്ചറിയാന്‍ സാധിക്കാത്ത രോഗികളെ കുറിച്ച് എപ്പിഡെമിയോളജിക്കല്‍ പഠനം നടത്താന്‍ മുഖ്യമമന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം കേസുകളെ കുറിച്ച് പഠനം നടക്കുന്നുണ്ട്. അതേസമയം, കേരളത്തില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്നാണ് വിദഗ്ദ സമിതി ഇപ്പോള്‍ പറയുന്നത്. ഉറവിടമറിയാത്ത കൊവിഡ് രോഗികളെ കണ്ടെത്തിയ സാഹചര്യത്തിലാണിത്.

ഇതിനിടെ സമൂഹന്യാപനമുണ്ടായോ എന്നറിയാനുള്ള ആന്റിബോഡി ടെസ്റ്റുകള്‍ ആരംഭിച്ച് രണ്ടാഴ്ചയോളമായിട്ടും സര്‍ക്കാര്‍ വ്യക്തമായ ഫലം പുറത്തുവിട്ടിട്ടില്ല. ആന്റിബോഡി ടെസ്റ്റ് രോഗ സ്ഥിരീകരണ പരിശോധനയല്ലെങ്കിലും രോഗവ്യാപനത്തിന്റെ രീതി അറിയാന്‍ സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പോലും മറുപടി പറയുന്നില്ല. മലപ്പുറം ജില്ലയിലാണ് ഉറവിടമറിയാത്ത കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 13 പേര്‍. എന്നാല്‍ രണ്ട് രോഗികളാണ് ഇത്തരത്തിലുള്ളുവെന്നാണ് ജില്ല ആരോഗ്യവിഭാഗം പറയുന്നത്.

അതേസമയം, കേരളത്തില്‍ ഇന്നലെ 118 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്35, യു.എ.ഇ14, സൗദി അറേബ്യ10, ഒമാന്‍3, റഷ്യ2, ഖത്തര്‍1, താജിക്കിസ്ഥാന്‍1, കസാക്കിസ്ഥാന്‍1) 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര16, ഡല്‍ഹി9, തമിഴ്‌നാട്8, കര്‍ണാടക5, ആസാം2, ഹരിയാന2, ആന്ധ്രാപ്രദേശ്2, തെലുങ്കാന1) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.