സമൂഹവ്യാപനത്തിലെത്തിയാല്‍ ആഗസ്റ്റില്‍ കൊവിഡ് 2 ലക്ഷമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ ദിവസം നൂറിലേറെയായി കൂടിയതിനൊപ്പം ഉറവിടം അറിയാത്ത കേസുകളും വര്‍ദ്ധിക്കുന്നത് സാമൂഹ്യവ്യാപനത്തെ പറ്റിയുള്ള ആശങ്ക ശക്തമാക്കുന്നു. മേയ് നാലിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത ഉറവിടം അറിയാത്ത കേസുകള്‍ അറുപതോളമായി. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വന്നതിന് പിന്നാലെ രോഗം പകര്‍ന്നതിന്റെ സൂചനയാണിത്. ഇങ്ങനെ പോയാല്‍ ആഗസ്റ്റില്‍ കൊവിഡ് രോഗികള്‍ രണ്ടുലക്ഷം കവിയുമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കൊവിഡ് ഉന്നതതല സമിതിയും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ കൈവിട്ട് പോകുമെന്ന് മുഖ്യമന്ത്രിയും ആറ് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണെന്ന് ആരോഗ്യമന്ത്രിയും ഇന്നലെ പറഞ്ഞത് ഇത് കണക്കിലെടുത്താണ്.ഇതുവരെ 12 ജില്ലകളിലായി 73 പേരുടെ രോഗത്തിന്റെ ഉറവിടമാണ് വ്യക്തമാകാത്തത്. ആലപ്പുഴയില്‍ മാത്രമാണ് ഉറവിടം അറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്.

അടുത്ത രണ്ട് മാസങ്ങളില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം പരമാവധിയാകും. നിയന്ത്രണങ്ങള്‍ പാലിക്കാതെ രോഗവ്യാപനം പാരമ്യത്തില്‍ എത്തിയാല്‍ രോഗികള്‍ രണ്ട് ലക്ഷം കവിയുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം പാലക്കാട് ജില്ലകളില്‍ താങ്ങാന്‍ വയ്യാത്തത്ര രോഗികളുണ്ടാകാം. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടുമെങ്കിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ളതിനാല്‍ അതിജീവിക്കും. മറ്റു ജില്ലകളില്‍ മുന്നൊരുക്കള്‍ നടത്തണമെന്നും ശുപാര്‍ശയുണ്ട്.

എല്ലാ നിയന്ത്രണങ്ങളും പാളിയാല്‍ സംഭവിക്കാവുന്ന ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ് രോഗികള്‍ രണ്ട് ലക്ഷം കവിയുമെന്ന് ദുരന്തനിവാരണ അതോറിട്ടി കണക്കാക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തോളം പ്രവാസികള്‍ ആഗസ്‌റ്റോടെ മടങ്ങിയെത്തും. രോഗപകര്‍ച്ചാ നിരക്ക് രണ്ടായി ഉയര്‍ന്നാല്‍ ആഗസ്റ്റ് അവസാനത്തോടെ രണ്ട് ലക്ഷം രോഗികളാകും. നിലവില്‍ രോഗപകര്‍ച്ചാനിരക്ക് ഒന്നില്‍ താഴെയാണ്. കൊവിഡ് രൂക്ഷമായ വിദേശരാജ്യങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ കേരളത്തിലും പകര്‍ച്ചാനിരക്ക് കൂടാനുള്ള സാദ്ധ്യതയുണ്ട്.

SHARE