‘രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചു’;സര്‍ക്കാര്‍ സത്യം അംഗീകരിക്കണമെന്ന് വിദഗ്ധര്‍

പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുമ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനം ഇല്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനുമെതിരെ വിദഗ്ധര്‍. രാജ്യത്തു പലയിടത്തും സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞെന്നും ഇത് സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വൈറോളജി, പൊതുജനാരോഗ്യം, മെഡിസിന്‍ രംഗങ്ങളിലെ പ്രമുഖരാണ് സാമൂഹ്യവ്യാപനം ഉണ്ടായെന്ന നിഗമനത്തിലെത്തുന്നത്. ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് അതിനെതിരെ വിദഗ്ധര്‍ രംഗത്തെത്തിയത്. രാജ്യത്ത് പല ഭാഗങ്ങളിലും സമൂഹവ്യാപനം നടന്നെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി.മിശ്രയും വ്യക്തമാക്കിയിരുന്നു.

അതേസമയം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാകുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല സംസ്ഥാനങ്ങളിലും പല സമയത്താകും വര്‍ധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂവെന്നാണു മുന്നറിയിപ്പ്.

SHARE