ചൈനയില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന; ഷിന്‍ജിയാങ് പ്രവശ്യയില്‍ കോവിഡ് പരിശോധന സൗജന്യമാക്കി

ബെയ്ജിങ്: ചൈനയില്‍ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നതായി സൂചന. രോഗം വീണ്ടും വ്യാപിച്ചേക്കുമെന്ന ഭയത്തെത്തുടര്‍ന്ന് ഷിന്‍ജിയാങ് പ്രവശ്യയില്‍ കോവിഡ് പരിശോധന സൗജന്യമാക്കി. പ്രവിശ്യയില്‍ മാളുകളും ഹോട്ടലുകളും അടച്ചു. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

പ്രാദേശിക സമ്പര്‍ക്കത്തെ തുടര്‍ന്ന് ഉറുംഖി നഗരത്തില്‍ 13 കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രണ്ട് ഘട്ടമായി പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
രോഗം സ്ഥിരീകരിക്കുന്നവരുമായും സംശയിക്കപ്പെടുന്നവരുമായും സമ്പര്‍ക്കത്തിലുള്ളവരെയാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുക. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ മറ്റ് പാര്‍പ്പിട സമുച്ചയങ്ങളിലെ താമസക്കാര്‍, സര്‍ക്കാര്‍, സിവില്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍ക്കും പരിശോധന നടത്തും.

SHARE