കോവിഡ്;വുഹാനിലെത്തി അന്വേഷണം നടത്താന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് ചൈന

ലോകത്ത് നിരവധി പേരെ മരണത്തിലേക്കു തള്ളിവിട്ട കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ അമേരിക്കന്‍ സംഘത്തിന് അനുമതി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ചൈന തള്ളി. കൊറോണ വ്യാപനം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ ചൈന വീഴ്ച വരുത്തിയെന്ന ആഗോളപ്രതികരണത്തില്‍ അന്വേഷണം വേണമെന്ന ഓസ്‌ട്രേലിയയുടെ ആവശ്യവും ചൈന തള്ളി. കോവിഡുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ ചൈന സുതാര്യത കാണിക്കുന്നില്ലെന്ന് വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡിസംബര്‍ അവസാനം കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ വുഹാനിലെത്തി പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏറെ നാളായി ചൈനയോട് ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. അതേസമയം വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണോ വൈറസ് പുറത്തുപോയതെന്നതിനെക്കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍ വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണം ചൈന നിഷേധിച്ചു. എച്ച്‌ഐവി വാക്‌സിന്‍ നിര്‍മാണത്തിനിടയില്‍ ലാബില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്ന് ഫ്രഞ്ച് നൊബേല്‍ ജേതാവായ ശാസ്ത്രജ്ഞന്‍ ലുക് മൊണ്ടാഗനിയേഴ്‌സ് പറഞ്ഞിരുന്നു

SHARE