കോഴിക്കോട്: കോഴിക്കോട് ഉറവിടമറിയാത്ത രോഗബാധ വര്‍ദ്ധിക്കുന്നു. ഇതിനെ തുടര്‍ന്ന് കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളില്‍ നിന്നായി തൊള്ളായിരത്തോളം സാമ്പിളുകള്‍ ഇന്ന് കോവിഡ് പരിശോധനയ്ക്ക് അയക്കും. നഗരപരിധിക്കുള്ളില്‍ ഉറവിടമറിയാതെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് നടപടി.
ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരനായ വെള്ളയില്‍ സ്വദേശി കൃഷ്ണന് കോവിഡ് ബാധിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് വെള്ളയില്‍, മൂന്നാലിങ്കല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായത്. ഇവിടെനിന്ന് അറുന്നൂറ് സാമ്പിളുകള്‍ ശേഖരിക്കും. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഫ്‌ലാറ്റിലെ താമസക്കാരുടെ സ്രവം ഇന്നലെ തന്നെ ശേഖരിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളൊന്നും കൃഷ്ണന് ഉണ്ടായിരുന്നില്ലെന്ന് കുടുംബം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കല്ലായി സ്വദേശിനിയായ യുവതിക്ക് രോഗം സ്ഥരീകരിച്ചതോടെയാണ് ചക്കുംകടവ് ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണായത്. ഗര്‍ഭ കാല ചികില്‍സയ്ക്കിടെയാണ് രോഗം കണ്ടെത്തിയത്. ഇവരുടെ നവജാത ശിശു ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ സ്രവവും പരിശോധനയ്ക്ക് അയച്ചു. ഈ പ്രദേശത്തുനിന്ന് മുന്നൂറ് സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും.