24 മണിക്കൂര്‍; 35 മരണം, 773 പോസിറ്റീവ് കേസുകള്‍- ജാഗ്രതയോടെ രാജ്യം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 773 കോവിഡ് പോസിറ്റീവ് കേസുകളും 35 മരണങ്ങളും. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇത്രയും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. രോഗബാധിതരുടെ എണ്ണം അയ്യായിരം കടന്നു.

നിലവില്‍ 5194 പോസിറ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 4643 പേരാണ് ചികിത്സയിലുള്ളത്. 401 പേര്‍ക്ക് അസുഖം ഭേദമായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്, 1078. ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ കോവിഡിന്റെ സാമൂഹ്യ വ്യാപനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. അതീവ ജാഗ്രതയാണ് ഇവിടെ പുലര്‍ത്തുന്നത്.

690 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട് രണ്ടാമതുണ്ട്. ഇവിടത്തെ മിക്ക കേസുകളും ഡല്‍ഹിയിലെ മതസമ്മേളനവുമായി ബന്ധപ്പെട്ടതാണ്. ഡല്‍ഹിയില്‍ 576 ഉം തെലങ്കാനയില്‍ 364 ഉം കേരളത്തില്‍ 336 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ ഇതുവരെ 64 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 165 കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തിലാണ് രണ്ടാമതായി കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്; 13 പേര്‍. തമിഴ്‌നാട്ടില്‍ ഏഴും ഡല്‍ഹിയിലും ഒമ്പതും പേര്‍ മരിച്ചു.

അതിനിടെ, കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ നീട്ടിയേക്കും. നിലവില്‍ ഏപ്രില്‍ 14 വരെയാണ് ലോക്ക്ഡൗണ്‍ ഉള്ളത്. ഇക്കാര്യത്തില്‍ ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം അന്തിമ തീരുമാനമെടുക്കും. നിരവധി സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.