കോവിഡ് രോഗ ബാധിതരുടെ എണ്ണം 900; സഊദിയില്‍ മരണം രണ്ടായി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് 19 ബാധിച്ചു ഒരാള്‍ കൂടി മരണപെട്ടതോടെ സഊദിയില്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് മക്കയിലാണ് രോഗബാധയേറ്റ വിദേശി മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മദീനയില്‍ ഒരു അഫ്ഗാന്‍ പൗരനും മരണപ്പെട്ടിരുന്നു. 133 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തിയതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 900 ആയി. റിയാദ് 83 , ദമാം 13 , ജിദ്ദ 10 , മദീന 6 , ഖത്തീഫ് 6 , അല്‍കോബാര്‍ 5 , നജ്‌റാന്‍ 4 , അബഹ 2 , അറാര്‍ 2 , ജുബൈല്‍ 1 , ദഹ്‌റാന്‍ 1 എന്നിവിടങ്ങളിലാണ് ഇന്ന് രോഗനിര്‍ണ്ണയം നടത്തിയത്. 29 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണയുടെ വ്യാപനം തടയാന്‍ അതിതീവ്ര യത്‌നത്തിലാണ് സഊദി ഭരണകൂടം. രാജ്യത്തെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഭാഗികമായി ലോക്ക് ഡൗണിലായി കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന കര്‍ഫ്യൂവില്‍ റിയാദ്, മക്ക, മദീന തുടങ്ങിയ നഗരങ്ങളില്‍ സമയക്രമം മാറ്റി നിശ്ചയിച്ചു. എല്ലാ ദിവസവും ഉച്ചക്ക് മൂന്ന് മണി മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യൂ പിറ്റേന്ന് രാവിലെ ആറ് മണി വരെ നീണ്ടുനില്‍ക്കും. ഈ നഗരങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്ത സാഹചര്യത്തിലാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റ പ്രത്യേക നിര്‍ദേശ പ്രകാരം കര്‍ഫ്യൂ സമയം നീട്ടിയത്. ജിദ്ദയടക്കം മറ്റു നഗരങ്ങളില്‍ നിലവിലുള്ള സമയം വൈകീട്ട് ഏഴ് മണി മുതല്‍ പിറ്റേന്ന് രാവിലെ ആറ് മണി വരെ എന്നുള്ളത് തുടരും . ഏതെങ്കിലും പ്രവിശ്യകളില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതാത് ഗവര്‍ണറേറ്റുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ പതിനായിരം റിയാലും രണ്ടാം തവണ ഇരുപതിനായിരം റിയാലും മൂന്നാം തവണ ഇരുപത് ദിവസത്തെ തടവുമാണ് ശിക്ഷ. സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശനമായ നിയമനടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്വദേശികളും വിദേശികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സാമൂഹിക വ്യാപനത്തിന്ന് വഴിവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

SHARE