ന്യൂഡല്‍ഹി: രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ ഏഴു ലക്ഷമായി വര്‍ദ്ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത അവലോകന യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിഗമനത്തിലെത്തിയത്. ജൂലൈ അവസാന വാരത്തോടെ പോസിറ്റീവ് കേസുകള്‍ ഏഴു ലക്ഷത്തിലെത്തും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പ്രധാനമായും ഒമ്പത് സംസ്ഥാനങ്ങളില്‍ അതിവേഗത്തിലാണ് കോവിഡ് പടരുന്നത് എന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തില്‍ കോവിഡ് പരിശോധന വേഗത്തിലാക്കും. ഒരു കോടി സാമ്പിളുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം.
അതിനിടെ, 24 മണിക്കൂറില്‍ 5,242 പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 96,169 ആയി ഉയര്‍ന്നു. 3,029 രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. 36,824 പേര്‍ക്ക് രോഗമുക്തിയുണ്ടായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന വേളയിലാണ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നത്. മൊത്തം കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ കഴിഞ്ഞ ദിവസം ചൈനയെ മറികടന്നിരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുള്ളത്. 33,053 കേസുകള്‍. 1,198 പേര് മരിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളാണ് പിന്നില്‍. 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ അറുനൂറില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ മൊത്തം കേസുകള്‍ 11,224. ഡല്‍ഹിയില്‍ 10,554 കേസുകളാണ് ഇതുവരെയുള്ളത്. ഗുജറാത്തില്‍ 11,379 കേസുകളും.
സാര്‍ക്ക് രാജ്യങ്ങളില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്. പാകിസ്താനാണ് രണ്ടാമത്. 41,363 കേസുകളാണ് പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബംഗ്ലാദേശില്‍ 22,268 ഉം അഫ്ഗാനിസ്താനില്‍ 6,664 ഉം പോസിറ്റീവ് കേസുകളുണ്ട്. മാലിദ്വീപ് 1,094, നേപ്പാള്‍ 304, ശ്രീലങ്ക 981, ഭൂട്ടാന് 21 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍.