സംസ്ഥാനത്ത് ആകെ 112 പേര്‍ക്ക് കോവിഡ്; ഇന്ന് സ്ഥിരീകരിച്ചവരില്‍ 3 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ ഇന്ന് പുതുതായി 3 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ നിന്നും തിരികെ വന്ന രണ്ടു പേര്‍ക്കും, ജില്ലയില്‍ നേരത്തെ സ്ഥിരീകരിച്ച കോവിഡ് രോഗബാധിതനുമായി അടുത്തിടപഴകിയ ഒരാള്‍ക്കും ആണ് ഇന്ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് -2.പത്തനംതിട്ട-2, കോഴിക്കോട്-1, ഇടുക്കി- 1 എന്നീ ജില്ലകളിലാണ് മറ്റ്് കേസുകള്‍ സ്ഥിരീകരിച്ചത്്. ഇന്ന് പോസിറ്റീവ് ആയ 22 വയസ്സുള്ള, എറണാകുളം സ്വദേശിയായ യുവാവ്, 15/3/20 ന് ഫ്രാന്‍സില്‍ നിന്നും ഫ്‌ളൈറ്റില്‍ ദില്ലി വരെയും, തുടര്‍ന്ന് മാര്‍ച്ച് 16 ന് ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്കും വന്ന ശേഷം മാനദണ്ഡ പ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ചെറിയ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് സാമ്പിള്‍ എടുത്തു പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഇദ്ദേഹത്തോടൊപ്പം ഒരേ ഫ്‌ളൈറ്റില്‍, ഫ്രാന്‍സില്‍ നിന്നും തിരികെ വന്ന 23 വയസ്സുള്ള എറണാകുളം സ്വദേശിയായ യുവാവാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. മാനദണ്ഡ പ്രകാരമുള്ള നിരീക്ഷണത്തില്‍ കഴിയവേ ചെറിയ പനിയും, ചെറിയ തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് സാമ്പിള്‍ പരിശോധനയ്ക്കയക്കുകയായിരുന്നു.

മാര്‍ച്ച് 22 ന് കോവിഡ് സ്ഥിരീകരിച്ച 61 വയസ്സുകാരനുമായി അടുത്തിടപഴകിയ 37 വയസ്സുള്ള യുവാവാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍. സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 112 പേരാണ്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ രോഗവിമുക്തരായി.സംസ്ഥാനത്ത് നിലവില്‍ 76,542 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 76,102 പേരും വീടുകളില്‍ കഴിയുന്നവരാണ്.

SHARE