ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഭീകരമാം വിധം കുതിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ 70,768 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മെയ് 15 ആകുന്നതോടെ ഇന്ത്യയില്‍ 65,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു നിതി ആയോഗിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ പറഞ്ഞ തീയതിക്ക് ഇനിയും നാലു ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് കേസുകളുടെ എണ്ണം 70,000 കടന്നത്. എന്നുവച്ചാല്‍ നാലു ദിവസം മുന്നെ തന്നെ പറഞ്ഞതിലും അയ്യായിരത്തിലധികം കൂടുതല്‍.
ലോക്ക്ഡൗണില്‍ നല്കിയ ഇളവുകളാണ് കേസുകള്‍ ഈ വിധം വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. ഈ നിരക്കനുസരിച്ചു പോയാല്‍ അടുത്ത 15 ദിവസം കൊണ്ട് ഒരു ലക്ഷം പുതിയ കേസുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. ഓഗസ്റ്റ് പകുതിയോടെ രാജ്യത്തു 2.74 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നായിരുന്നു ഏപ്രില്‍ 27ലെ നിതി ആയോഗ് റിപ്പോര്‍ട്ട്. അന്ന് 12 ദിവസമെന്ന നിരക്കിലായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇത് ഇടയ്ക്കു മെച്ചപ്പെട്ടാലും ലോക്ഡൗണ്‍ മാറുമ്പോള്‍ സ്ഥിതി രൂക്ഷമാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്.
മുംബൈയില്‍ ഇതിനകം തന്നെ കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ സൂചനകള്‍ കാണിച്ചുകഴിഞ്ഞു. മഹാരാഷ്ട്ര രോഗ നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തെ മറ്റു ചില ഇടങ്ങളിലും സാമൂഹ്യ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ ആകെ 23,401 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇന്നലെ മാത്രം 36 പേര് മരിക്കുകയും 1230 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ആകെ മരണം 868 ആയി. ഇതില്‍ 14,355 രോഗികളും 528 മരണവും മുംബൈയിലാണ്. ധാരാവിയില്‍ മാത്രം 916 കോവിഡ് രോഗികളുണ്ട്.
എന്നാല്‍ രോഗത്തിന്റെ ഈ വര്‍ദ്ധമാന സാഹചര്യത്തിലും മഹാരാഷ്ട്രയില്‍ 25,000 വ്യവസായ ശാലകള്‍ തുറന്നു. ആറ് ലക്ഷം പേര് തൊഴില്‍ ചെയ്യാന്‍ തുടങ്ങി. തെരുവുകളില്‍ മതപരമായ ചടങ്ങുകളും മറ്റും നടത്തി പലരും പിടിക്കപ്പെട്ടു. സുഹൃത്തുമൊത്ത് മുംബൈ മറൈന്‍ ഡ്രൈവില്‍ കാറില്‍ കറങ്ങിയതിന് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ കേസെടുത്തത് ഇന്നലെയാണ്. അതേസമയം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധരല്ലാത്ത സ്വകാര്യ ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെ 1170ഓളം സ്വകാര്യ ഡോക്ടര്‍മാര്‍ മുംബൈയില്‍ കോവിഡ് ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചു.
തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. ഇന്നലെ മാത്രം 798 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുപേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം മരണം 53 ആയി. ആകെ രോഗികളിലെ പകുതിയിലധികവും ചെന്നൈയിലാണ്. 4371 പേര്.