കോവിഡ്; യൂറോപ്പിലെ സ്ഥിതി മെച്ചപ്പെടുന്നു

കൊറോണ വൈറസ് വ്യാപനം ഏറ്റവുമധികം ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതി മെച്ചപ്പെടുന്നു. യുഎസിലും രോഗികളുടെ എണ്ണത്തിലും ഒരാഴ്ചയായി കുറവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വീണ്ടും ഭീതി ഏഷ്യയിലേക്ക് തന്നെയാണോ വരുന്നതെന്ന് സംശയിപ്പിക്കുന്ന രീതിയിലുള്ള കണക്കുകളാണ് പുറത്ത് വരുന്നത്.

കോവിഡിനെ അതിജീവിച്ചെന്ന് കരുതിയ ചൈനയിലെ പുതിയ കണക്കുകള്‍ അത് സൂചിപ്പിക്കുന്നതാണ്. അതുപോലെ വ്യാഴാഴ്ച ജപ്പാനില്‍ ആദ്യമായി 500ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും കൂടുതല്‍ വയോധികരുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിലെ വൈറസ് വ്യാപനം ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. തലസ്ഥാനമായ ടോക്കിയോയിലും കൂടുതല്‍ ജനസംഖ്യയുള്ള 6 പ്രദേശങ്ങളിലും മേയ് 6 വരെ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള ജപ്പാനിലെ കമ്പനികള്‍ മിക്കതും നിയന്ത്രണങ്ങളില്ലാതെ പതിവുപോലെ പ്രവര്‍ത്തിക്കുന്നു. ടോക്കിയോയിലെ തെരുവുകളില്‍ യാത്രക്കാര്‍ സുഗമമായി യാത്ര ചെയ്യുന്നു. രാജ്യത്ത് ഇതുവരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

എന്നാല്‍ ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ രോഗബാധിതരുടെ എണ്ണവും കോവിഡ് മരണങ്ങളും കുറയുകയാണ്. ഇരുരാജ്യങ്ങളിലുമായി 30,000ത്തിലേറേ പേരാണ് മരണത്തിനു കീഴടങ്ങിയത്. വൈറസ് ഏറ്റവും ഉലയ്ക്കുന്ന നഗരങ്ങളിലൊന്നായ യുഎസിലെ ന്യൂയോര്‍ക്കിലും പ്രതീക്ഷയുടെ പ്രകാശം ഉണ്ടാകുന്നു.യൂറോപ്പിലെ വാര്‍ത്തകള്‍ ആശ്വാസമേകുമ്പോഴും ചൈന പോലെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പുറത്ത് വരുന്നത് ശുഭ സൂചന നല്‍കുന്ന വാര്‍ത്തകളല്ല.

SHARE