കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ കോവിഡ് നിയന്ത്രണത്തില്‍ വെല്ലുവിളിയാകും

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യയില്‍ കോവിഡ് നിയന്ത്രണത്തില്‍ വെല്ലുവിളികളുയര്‍ത്തുമെന്ന് ഗവേഷണ പഠനം. കാലാവര്‍ഷവും പിന്നാലെ ശൈത്യവുമൊക്കെ എത്തുമ്പോള്‍ താപനില താഴുന്നത് രോഗം വ്യാപനം വര്‍ധിപ്പിക്കുമെന്ന് ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്ന് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

താപനില ഒരു ഡിഗ്രി ഉയരുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം 0.99 ശതമാനം കുറയുമെന്നും രോഗികള്‍ ഇരട്ടിക്കാനെടുക്കുന്ന സമയം 1.13 ദിവസങ്ങള്‍ വര്‍ധിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനവും അതിന് താപനിലയും ഈര്‍പ്പവുമായുള്ള ബന്ധവുമായിരുന്നു ഗവേഷണത്തിന്റെ വിഷയം.

ഐഐടി ഭുവനേശ്വറിലെ സ്‌കൂള്‍ ഓഫ് എര്‍ത്ത്, ഓഷ്യന്‍ ആന്‍ഡ് ക്ലൈമാറ്റിക് സയന്‍സസ് അസിസ്റ്റന്റ് പ്രഫസര്‍ വി. വിനോജിന്റെ നേതൃത്വത്തില്‍ നടന്ന പഠനം 28 സംസ്ഥാനങ്ങളില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കോവിഡ് കേസുകളാണ് പരിശോധിച്ചത്. കോവിഡ് കേസുകളും താപനില, ഈര്‍പ്പം, സൗരവികിരണം തുടങ്ങിയ നിരവധി പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കിയായിരുന്നു പഠനം.

രോഗത്തിന്റെ വളര്‍ച്ചാ നിരക്കിലും ഇരട്ടിക്കാന്‍ എടുക്കുന്ന സമയത്തിലും താപനിലയ്ക്കും ഈര്‍പ്പത്തിനും ഗണ്യമായ പ്രഭാവം ചെലുത്താനാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

SHARE