കോവിഡിനൊപ്പമുള്ള മത-സാമൂഹിക ജീവിതം

ടി.എച്ച് ദാരിമി

കോവിഡ് മഹാമാരി നാലു മാസം പിന്നിട്ടതോടെ ഏതാനും പ്രധാന കാര്യങ്ങള്‍ ഉറപ്പായി. ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയതുപോലെ ഈ വൈറസ് മനുഷ്യകുലത്തിന്റെ ഒരരുകില്‍ എച്ച്. ഐ.വി, എബോള, വൈറല്‍ ഫിവര്‍ തുടങ്ങിയ പോലെ സ്ഥാനം പിടിച്ചുകഴിഞ്ഞുവെന്നും ഇനി അതിനെ തടഞ്ഞുനിറുത്തുവാനല്ലാതെ ഇല്ലായ്മ ചെയ്യുവാന്‍ കഴിയുകയില്ല എന്നുമാണ് അവയില്‍ പ്രധാനപ്പെട്ട ഒന്ന്. അതനുസരിച്ച് മനുഷ്യന്‍ ഇനി അതിനോടൊപ്പം ജീവിക്കുവാന്‍ ശീലിക്കുന്നതായിരിക്കും ബുദ്ധി എന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. മഹാമാരി വീശിയടിക്കവെ ജനങ്ങള്‍ സ്വീകരിച്ച മുന്‍കരുതലുകള്‍, ശാരീരിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍, വ്യാപനത്തെ തടയുവാനുള്ള ഉപായങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമാക്കുക എന്ന ഒരേയൊരു വഴിയാണ് ഇതിന്നായി ഈ രംഗത്തുള്ളവര്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗങ്ങള്‍.

മരുന്ന് കണ്ടുപിടിക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ശാസ്ത്രജ്ഞരുടെ മേശപ്പുറങ്ങളില്‍ സജീവമാണെങ്കിലും അതൊന്നും കാര്യമായ വിജയസൂചന കാണിക്കാത്തതുകൊണ്ടു കൂടിയാവണം ഇങ്ങനെയൊക്കെ പറയുന്നത്. ഇനി അഥവാ മരുന്നോ വാക്‌സിനോ കണ്ടെത്തിയാല്‍ തന്നെ വൈറസിന്റെ ജൈവ ഘടനയില്‍ മാറ്റം വന്നേക്കുമോ, അങ്ങനെവന്നാല്‍ പ്രസ്തുത മരുന്ന് ഉപകാരപ്പെടുമോ എന്നൊക്കെ പിന്നാമ്പുറങ്ങളില്‍ ഊഹാപോഹങ്ങളുമുണ്ട്. ഇതെല്ലാം വെച്ച് ചിന്തിക്കുമ്പോള്‍ വൈറസിനെ ഉള്‍ക്കൊള്ളുവാനും അതോടൊപ്പം ജീവിക്കുവാന്‍ പരിശീലിക്കുവാനും ശ്രമിക്കുന്നതാണ് നല്ലതെന്ന് തന്നെയാണ്് നാം സാധാരണക്കാരും പറഞ്ഞുപോകുക. അങ്ങനെ വരുമ്പോള്‍ കോവിഡാനന്തര ഘട്ടത്തില്‍ മതപരമായ സാമൂഹിക ജീവിതമാണ് ഏറ്റവും ഗുരുതരമായ അപായത്തിനും ആശങ്കക്കും മുമ്പില്‍ അകപ്പെടുക. കാരണം മതം കൃത്യമായും രണ്ടു പകുതിയാണ്. ആദ്യത്തെ ഒരു പകുതി വ്യക്തിയെ മാത്രമാണ് നോട്ടമിടുന്നത്. അത് പുതിയ സാഹചര്യത്തില്‍ പോസിറ്റീവാണ്. കാരണം വൈയക്തിക വൃത്തിയും വെടിപ്പും മുതല്‍ തീറ്റയും കുടിയും വരെ എല്ലാം അതിന്റെ ഭാഗമാണല്ലോ. അവിടെ മതം പറയുന്നതെല്ലാം കോവിഡിനെ പ്രതിരോധിക്കുവാന്‍ ഏറെ സഹായകമാണ്.

എന്നാല്‍ രണ്ടാമത്തെ പകുതി മുഴുവനായും സാമൂഹികമാണ്. ജമാഅത്തായുള്ള നിസ്‌കാരങ്ങള്‍ മുതല്‍ കുടുംബ ജീവിതംവരെയും വിവാഹങ്ങള്‍ മുതല്‍ ശേഷക്രിയകള്‍വരെയും എല്ലാം ആ പകുതിയില്‍പെടുന്നു. ജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നും ഒന്നിച്ചുനിന്നും നടക്കുന്ന ഈ കാര്യങ്ങളെല്ലാം അതുകൊണ്ടു തന്നെ വലിയ ഭീതിയും ആശങ്കയും നിറക്കുന്നു. ഈ എല്ലാ രംഗങ്ങളിലും മനുഷ്യര്‍ ചേര്‍ന്നാണ് നില്‍ക്കുന്നത് എന്നതാണ് ഭീതിയുളവാക്കുന്നത്. വായുവിലൂടെ പകരില്ല എന്നൊരു വര്‍ത്തമാനം ഉണ്ടെങ്കിലും അതിനൊരു അന്തിമ ഉറപ്പുണ്ടോ എന്ന ചോദ്യം ചില കേസുകള്‍ പരിശോധിക്കുമ്പോള്‍ ഉയരുന്നുണ്ട്. അതവിടെയിരിക്കട്ടെ, ഏതായാലും സ്രവം വഴി പകരും എന്നത് ഉറപ്പാണ്. സ്രവത്തിന്റെ കാര്യത്തിലാണെങ്കില്‍ മനുഷ്യ നേത്രങ്ങള്‍ കൊണ്ടു കാണുവാന്‍ കഴിയാത്ത അത്ര ചെറിയ കണികകളാകുവാന്‍ സ്രവത്തിനുകഴിയും എന്നാണ് ശാസ്ത്രം. മുഖാമുഖം നിന്ന് സംസാരിക്കുമ്പോള്‍ മുന്നിലുള്ളയാളുടെ തുപ്പുനീര്‍ ഒരു പക്ഷെ നമ്മുടെ ശരീരത്തിലേക്കു തെറിക്കുന്നതായി നമുക്കനുഭവപ്പെടുന്നില്ലെങ്കിലും ആ വ്യക്തിയുടെ ഒരു നിശ്ചിത അളവ് ചുറ്റളവില്‍ സൂക്ഷ്മ കണികകളായി തെറിക്കുന്നുണ്ട് എന്നാണ്. അത്രപോലും മതിയാകും ഈ രോഗം പടരുവാന്‍. പിന്നെ സ്രവം എന്നത് വെറും വായില്‍ നിന്നും മൂക്കില്‍ നിന്നും വരുന്നതു മാത്രമല്ല. ശരീരമാസകലം പരന്നുകിടക്കുന്ന വിയര്‍പ്പ് ഒരു സ്രവമാണ്. അതുള്ള കൈ കൊണ്ടു തൊട്ടിടത്തെല്ലാം അള്ളിപ്പിടിച്ചു കേറുവാന്‍ മിടുക്കനാണത്രേ കൊറോണ വൈറസ്. ചുരുക്കത്തില്‍ മതപരമായ സാമൂഹിക ജീവിതത്തിന് കോവിഡാനന്തര ജീവിതത്തില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്.

പൊളിച്ചെഴുത്തിന് നാം തയ്യാറാകുമ്പോള്‍ അതെത്രത്തോളം ആകാം എന്നതു നിശ്ചയിക്കേണ്ടിവരും. അവിടെ വെച്ച് വീണ്ടും വിഷയം രണ്ടായി തിരിയുന്നു. ഒന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്കു ചെയ്യുവാനുള്ള സാമൂഹ്യ കര്‍മ്മങ്ങള്‍. രണ്ട് പരമ്പരാഗതമായോ മറ്റു സാമൂഹ്യ പ്രോത്‌സാഹനങ്ങള്‍ വഴിയോ നമ്മുടെ സാമൂഹ്യതയില്‍ രൂപപ്പെട്ട ആചാരങ്ങള്‍. ജുമുഅ, ജമാഅത്തുകള്‍ മുതലായവയാണ് ഒന്നാം ഇനത്തിന് ഉദാഹരണം. അവ മതം നിര്‍ബന്ധമായോ ഐഛികമായോ അനുഷ്ടിക്കുവാന്‍ ആവശ്യപ്പെടുന്നവയാണ്. അവയുടെ കാര്യത്തില്‍ സത്യത്തില്‍ മതം തന്നെ വലിയ വിശാലതയും വിട്ടുവീഴ്ചയും അനുവദിക്കുന്നുണ്ട്. ഇസ്‌ലാമിനെ ശരിക്കും വായിച്ചിട്ടില്ലാത്തവരാണ് ഈ വിഷയത്തില്‍ അസ്വസ്ഥരാവുക. കാരണം ഓരോ കാര്യത്തിലും അതിന്റെ ആത്മാവിന്റെയും ആശയത്തിന്റെ കാര്യത്തിലാണ് മതം വാശി പിടിക്കുന്നത്. അതാവട്ടെ, മനുഷ്യന്റെ മനസ്സിലെ കാര്യമാണ്. അതില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ മനസ്സിന്റെ നിലപാട് ബലമായി നില്‍ക്കുന്നതോടെ സാഹചര്യങ്ങള്‍ക്കു വിധേയമായി രീതികളില്‍ മാറ്റം വരുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ദീന്‍ സരളമാണ് എന്ന നബി വചനത്തിന്റെ അന്തസ്സത്ത അതാണ്.

മാത്രമല്ല, മതത്തില്‍ ബലപ്രയോഗമില്ല എന്ന ആയത്തിന്റെ (2:256) ഒരു ആശയവും അതാണ്. ‘അല്ലാഹു നിങ്ങള്‍ക്ക് ആശ്വാസമാണ്, ഞെരുക്കമല്ല ഉദ്ദേശിക്കുന്നത്’ (2:185) എന്ന ആയത്തും അതുള്‍ക്കൊള്ളുന്നു. ‘മതത്തിന്റെ പേരില്‍ യാതൊരു വൈഷമ്യവും നിങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടില്ല’ (22:78) ഇത് ഇതേ ആശയത്തിലുള്ള മറെറാരു സൂക്തമാണ്. നിസ്‌കാരത്തെ ഉദാഹരിക്കാം. തന്റെ സ്രഷ്ടാവിനോടു ചെയ്യേണ്ടുന്ന ഏറ്റവും പ്രാധനപ്പെട്ടതും നിര്‍ബന്ധമായതുമായ ബാധ്യതയാണ് നിസ്‌കാരം എന്നത് മനസ്സില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഉണ്ടായിരിക്കണം. അതിനു വിശ്വാസി തയ്യാറാവുകയും വേണം. നിന്നു കൊണ്ടാണ് അതു നിര്‍വ്വഹിക്കേണ്ടത്. എന്നാല്‍ വല്ല കാരണത്താലും നില്‍ക്കാന്‍ കഴിയാതെ വന്നാല്‍ ഇരുന്നു കൊണ്ടാവാം, അതുമല്ലെങ്കില്‍ കിടന്നുകൊണ്ടൂമാവാം എന്നെല്ലാം പറയുന്നത് നിന്നു നിസ്‌കരിക്കുക എന്ന വാശി മതം പുലര്‍ത്തുന്നില്ല എന്നാണ്. സാഹചര്യത്തിനനുസരിച്ച് കഴിയുന്നതു പോലെ ചെയ്യാനുള്ള വിശാലത പുലര്‍ത്തുന്നു എന്നാണ് വ്യക്തമാക്കുന്നത്. യാത്രയിലെ ക്ലേശങ്ങള്‍ പരിഗണിച്ച് നിര്‍ബന്ധമായ നോമ്പ് ഒഴിവാക്കാന്‍ മതം അനുവദിക്കുമ്പോഴും ഇതേ സാഹചര്യത്തില്‍ നിസ്‌കാരങ്ങള്‍ സൗകര്യപ്രദമായ ഒരു സമയത്ത് രണ്ടെണ്ണം ഒന്നിച്ചും നേര്‍ പകുതിയാക്കിയുമൊക്കെയാവാം എന്നൊക്കെ പറയുന്നതിലുമുള്ളത് ഇതേ വിശാലത തന്നെയാണ്. നാലു ലക്ഷത്തോളം പേരുടെ ജീവന്‍ കവര്‍ന്ന് വീണ്ടും കലിതുള്ളി ഈ വൈറസ് നില്‍ക്കുമ്പോള്‍ ഈ ഇളവുകള്‍ സ്വീകരിക്കുന്നതില്‍ ഒരു അപാകതയുമില്ല. ‘നിങ്ങള്‍ നിങ്ങളെ തന്നെ അപായത്തിലെറിയരുത്’ (2: 195) എന്ന് അല്ലാഹു പറയുമ്പോള്‍ പ്രത്യേകിച്ചും.

പള്ളികള്‍ തുറക്കപ്പെടുകയും ആശങ്കകള്‍ അകലുകയും മുന്‍കരുതലുകള്‍ ശക്തമായി സ്വീകരിക്കപ്പെടുകയും എല്ലാം ചെയ്യുമ്പോള്‍ ഉള്ള സാഹചര്യത്തിലേ നമുക്കിനി പഴയതുപോലെ വലിയ ജമാഅത്തുകളും ജുമുഅയും മററും നടത്തേണ്ടതുള്ളൂ. ഇത് ഒരിക്കലും ഉദാസീനതയല്ല. മറിച്ച് മതത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുകയാണ്. ഇതില്‍ പരാജയപ്പെടുന്നവരാണ് അപൂര്‍വ്വമായെങ്കിലും വിലക്കുകള്‍ ലംഘിച്ച് പള്ളികളില്‍ ഒരുമിച്ചുകൂടിയതും നിയമക്കുരുക്കില്‍ പെട്ടതും. അത്തരം ചിലര്‍ സ്വകാര്യമായി നാലാള്‍ ചേര്‍ന്നു ജുമുഅ നടത്തിയ സംഭവം വരെ കോവിഡ് കാലത്ത് കേട്ടു. അതിന്റെ സാംഗത്യം ചോദ്യം ചെയ്തപ്പോള്‍ നാലാള്‍ ജുമുഅയുടെ ഇമാം ഒരുപാട് കിതാബുകളുടെ ഉദ്ധരണികള്‍ വാരിവലിച്ചിട്ട ഒരു പ്രഭാഷണം നടത്തിയത്രെ. മതം അതിന്റെ ആശയത്തെ മുന്നോട്ടു വെക്കുന്നതിലെ രീതീ ശാസ്ത്രം മനസ്സിലാവാതിരുന്നാല്‍ അതു വലിയ വിഷമമാണ്. ഇമാം ഗസ്സാലിയെ പോലുള്ളവര്‍ ഏറെ സംസാരിച്ച മഖാസ്വിദുശ്ശരീഅ എന്ന ഒരു ദീര്‍ഘ അധ്യായമാണ് അത്. എല്ലാ രംഗത്തും ഇസ്‌ലാം പുലര്‍ത്തുന്ന വിശാലത ഉള്‍ക്കൊണ്ടു കൊണ്ട് സുരക്ഷിതത്വം ഉറപ്പുവരുത്തി മാത്രം സാമൂഹ്യ കാര്യങ്ങളിലെ ആരാധനകള്‍ പുനക്രമീകരിക്കുക എന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം.

രണ്ടാമത്തെ ഗണത്തില്‍ വരുന്ന സാമ്പ്രദായിക കാര്യങ്ങള്‍ക്ക് ഒരു ഉദാഹരണം വലിയ കല്യാണാഘോഷങ്ങളാണ്. വെറും തന്‍പോരിമ മാത്രം ലാക്കാക്കിയുള്ള ഇത്തരം മാമാങ്കങ്ങള്‍ക്ക് ഇനി വിലകൂടും. തന്റെ പ്രതാപം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ചെയ്യുന്ന ഇത്തരം പേക്കൂത്തുകള്‍ ഇനി തുടര്‍ന്നാല്‍ എത്ര ആയിരങ്ങള്‍ വന്നുവോ അവരോട് മറ്റ് എത്ര ആയിരങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയോ അവരെല്ലാം ക്വാറന്റെയിനില്‍ കഴിയേണ്ടിവരും. അത്തരം കല്യാണങ്ങള്‍, എതിര്‍കക്ഷിയുടെ മുമ്പില്‍ മാറുവിരിക്കുവാന്‍ മാത്രം ലക്ഷ്യമിടുന്ന സമ്മേളനങ്ങള്‍, വിശ്വാസികളുടെ മനസ്സും പണവും കവരുവാന്‍ വേണ്ടിയുള്ള പ്രാര്‍ഥന-പ്രഭാഷണ വേദികള്‍ ഇതൊക്കെയും കൊറോണ എന്ന ഭീതി മുഴുവനായും വിട്ടുപോകും വരെ നാം വിട്ടുവീഴ്ച ചെയ്യേണ്ടിവരും. തുടര്‍ന്ന് വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ ഓരോ ചുവടിലും ഉഗ്രരൂപിയായ ഒരു വേതാളം ഒപ്പമുണ്ട് എന്നു തിരിച്ചറിഞ്ഞു തന്നെ ജീവിക്കേണ്ടിവരും. അല്ലെങ്കിലും ഈ മഹാമാരിയെ മറ്റൊരു കോണില്‍ നിന്നും വീക്ഷിക്കുന്ന ചിലരെങ്കിലും പ്രകടിപ്പിക്കുന്നത് ഇത് മനുഷ്യന്റെ സാമൂഹ്യ അഹങ്കാരങ്ങളെ പിടിച്ചുകെട്ടാന്‍ വേണ്ടി വന്നതുതന്നെയല്ലേ എന്ന ചോദ്യമാണ്.

ഏതാനും പേര്‍ ചേര്‍ന്ന് ചെറിയ ഒരു വട്ടത്തിലിരുന്ന് നികാഹ് ചൊല്ലി മഹ്‌റും കൊടുത്ത് പുതിയാപ്പിള മണവാട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകുന്ന അത്ര കല്യാണങ്ങള്‍ ചെറുതായല്ലോ. മൂക്കിനു വേറെയും മൂക്കിന്റൈ വലതു ദ്വാരത്തിനു വേറെയും സ്‌പെഷ്യലിസ്റ്റുകളെ കാണിക്കുവാന്‍ മാറ്റിയൊരുങ്ങി പുറപ്പെട്ടിരുന്ന സ്ഥലത്ത് ഒരു ജനറല്‍ ഡോക്ടര്‍ക്കു തന്നെ എല്ലാ രോഗികളെയും ചികിത്സിക്കാം എന്നു വന്നല്ലോ. പടയായി വന്ന് വരിയില്ലാതെ തള്ളിക്കയറി ശേഷക്രിയയും നാടടക്കിയുള്ള അടിയന്തിരവും ഒന്നും ഇല്ലാതെ വേഗം കുളിപ്പിച്ച് മുറ്റത്തുവെച്ച് അത്യാവശ്യക്കാര്‍ നിസ്‌കരിച്ച് ഒരു ആമ്പുലന്‍സില്‍ ഖബര്‍സ്ഥാനിലെത്തി അടക്കി പിരിഞ്ഞുപോകുവാനും നമുക്കു കഴിയും എന്നും വന്നല്ലോ. അങ്ങനെ മനുഷ്യന്‍ അവന്റെ സ്രഷ്ടാവിനെ കണ്ടില്ലെന്നു നടിച്ച് സ്വയമായി കെട്ടിപ്പൊക്കിയ സൗധങ്ങളെല്ലാം വെറും മുന്നൂറ് മൈക്രോ മില്ലീമീറ്റര്‍ വലുപ്പമുള്ള ഒരു വൈറസ് ഞെടിയിടയില്‍ തട്ടിത്തകര്‍ത്തുവല്ലോ എന്നു തിരിച്ചറിയുമ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുവാന്‍ തോന്നുന്നതു സ്വാഭാവികം മാത്രമാണ്.

SHARE