കോവിഡ് രോഗമുക്തിയായ ആള്‍ക്ക് മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധ; ആശങ്ക

ബെയ്ജിങ്: ചൈനയില്‍ കോവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധ. ചൈനയിലെ രണ്ട് രോഗികള്‍ക്കാണ് രോഗമുക്തി നേടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ചൈനയിലെ ഹൂബെയ് പ്രവിശ്യയില്‍ 68 കാരിയ്ക്ക് ഡിസംബറിലാണ് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്. രോഗമുക്തി നേടി ആറ് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നു വന്ന മറ്റൊരാള്‍ക്ക് ഏപ്രിലില്‍ േേകാവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ഇയാള്‍ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല.

അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രോഗികള്‍ക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. എന്നാല്‍, അവരെ ക്വാറന്റൈനിലാക്കിയാതായി അധികൃതര്‍ പറഞ്ഞു. വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിവരില്‍ വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. ലോകമെമ്പാടും 20 മില്ല്യണിലധികം ആളുകളില്‍ വൈറസ് ബാധിച്ചു കഴിഞ്ഞു. 748,000 ജനങ്ങളുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു.

രോഗമുക്തി നേടിയവരില്‍ വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത് അപൂര്‍വ്വമാണ്. ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും വീണ്ടും രോഗം വരാതിരിക്കാനുള്ള പ്രതിരോധശേഷി നൈമിഷികമാണോയെന്ന ചോദ്യവും ഇതിനിടയില്‍ ഉയരുന്നുണ്ട്.

രോഗബാധിതനായ ഒരു വ്യക്തിയില്‍ കോവിഡിനെ ചെറുക്കാനുള്ള ഒരു ആന്റിബോഡി കുറച്ച് മാസത്തേയ്ക്ക് ശരീരത്തില്‍ രൂപപ്പെടുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്റിബോഡികള്‍ നഷ്ടമായതിനു ശേഷവും മറ്റ് കോശങ്ങള്‍ക്ക് പ്രതിരോധശേഷി നല്‍കാനുള്ള സാധ്യത ചില വിദഗ്ധര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

SHARE