അമേരിക്കയില്‍ വളര്‍ത്തു പൂച്ചകള്‍ക്ക് കോവിഡ് ബാധ


ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകള്‍ ഉള്ളത്. ഇതില്‍ ഒന്നിന്റെ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ പൂച്ചയുടെ ഉടമയ്‌ക്കോ വീട്ടിലുള്ളവര്‍ക്കോ രോഗം സ്ഥിരീകരിച്ചിരുന്നില്ല. അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃഗങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

രണ്ട് പൂച്ചകള്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ട്. ഇവ വേഗത്തില്‍ സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടാമത്തെ പൂച്ചക്ക് എങ്ങനെ കൊറോണ ബാധയുണ്ടായി എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.

വളര്‍ത്തുമൃഗങ്ങളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് നായകളേയും പൂച്ചകളേയും സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യരുമായോ മറ്റ് മൃഗങ്ങളുമായോ ഇടപഴകാന്‍ അനുവദിക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം, ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ ഏഴ് മൃഗങ്ങള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

SHARE