കോവിഡ് ബാധ; ചൈനയെ മറികടന്ന് അമേരിക്ക


വാഷിങ്ടണ്‍: തുടര്‍ച്ചയായ ആറാം ദിവസവും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് യു.എസില്‍. മൊത്തം 82,840 കേസുകളാണ് വെള്ളിയാഴ്ച വരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, പോസിറ്റീവ് കേസുകളില്‍ യു.എസ് ചൈനയെയും ഇറ്റലിയെയും മറികടന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാഷ്ട്രങ്ങളില്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ കൂടുതലാണ് യു.എസിലേത്. 24 മണിക്കൂറില്‍ 16,693 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം 82,840. 753 പേര്‍ രോഗമുക്തി നേടി. 1296 പേര് മരണത്തിന് കീഴടങ്ങി. ഇന്നലെ മാത്രം 249 മരണങ്ങളുണ്ടായി.

ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 37,258 പേര്‍ക്ക് ഇവിടെ അസുഖം ബാധിച്ചു. ന്യൂജഴ്സയില്‍ 6,876 പേര്‍ക്കും വാഷിങ്ടണില്‍ 3,207 പേര്‍ക്കും അസുഖം സ്ഥിരീകരിച്ചു. കാലിഫോര്‍ണിയ-3,006, മിഷിഗന്‍- 2,856, ഇല്ലിനോയ്സ്- 2,538, ഫ്ളോറിഡ- 2,484, മസാച്ചുസെറ്റ്സ്- 2,417, ലൂസിയാന- 2,305, പെന്‍സില്‍വാനിയ- 1,687, ജോര്‍ജിയ-1,643, കോളറാഡോ-1,430, ടെക്സാസ്- 1,424, കണക്ടികട്ട്-1,012 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 3,101 പേര്‍ക്ക് ഇന്നലെ അസുഖം ബാധിച്ചു. ഇതില്‍ 46 ശതമാനവും 45 വയസ്സില്‍ താഴെയുള്ളവരാണ്. 365 പേര്‍ മരിച്ചു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനം ഉള്‍ക്കൊള്ളുന്ന മാന്‍ഹാട്ടനില്‍ 4,046 കേസുകളും ക്വീന്‍സില്‍ 7,362 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രൂക്ലിനില്‍ 6,095 കേസും ബ്രോന്‍ക്സില്‍ 4,243 കേസുമുണ്ട്.