കെട്ടിപ്പിടിക്കാന്‍ ഓടിവരുന്ന മകനെ തടഞ്ഞുനിര്‍ത്തി വിതുമ്പുന്ന ഡോക്ടര്‍, വീഡിയോ


കോവിഡെന്ന മഹാമാരിയെ തുരത്താന്‍ ലോകം ഒന്നടങ്കം വീട്ടില്‍ കഴിയുമ്പോള്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉറക്കൊഴിച്ച് ജോലി ചെയ്യുന്ന ഒരു കൂട്ടരുണ്ട്, ആരോഗ്യപ്രവര്‍ത്തകര്‍. വീടും കുടുംബവും ഉപേക്ഷിച്ച് രോഗത്തെ തുരത്താനായി അവര്‍ നടത്തുന്ന ത്യാഗങ്ങള്‍ക്ക് വിലയിടാനാവില്ല.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളുടെ ആഴം മനസിലാക്കാന്‍ സഹായിക്കുന്ന ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ആരുടെയും കണ്ണ് നനയിപ്പിക്കും.

സൗദിയില്‍ നിന്നുള്ള വിഡിയോ പങ്കുവച്ചത് മൈക്ക് എന്നയാളാണ്. ഡോക്ടറായ അച്ഛന്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയെന്ന് പറഞ്ഞാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അത്യന്തം വേദന നിറഞ്ഞ, ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണിത് എന്നാണ് സൈബര്‍ ലോകത്തെ പ്രതികരണം.

ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവരുടെ ത്യാഗത്തിന്റെ അളവ് എത്രത്തോളമാണെന്ന് ഈ വിഡിയോ കാണിച്ചുതരുന്നു. ഡോക്ടറായ അച്ഛനും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മകനുമാണ് വിഡിയോയില്‍ ഉള്ളത്. ഡ്യൂട്ടി സ്യൂട്ടില്‍ നില്‍ക്കുന്ന അച്ഛനെ കെട്ടിപ്പിടിക്കാന്‍ ഓടി വരികയാണ് മകന്‍. ആദ്യം പകച്ചുപോകുന്ന അച്ഛന്‍ പിന്നീട് മകനെ തടയുന്നു. ഒരു കൈ അകലത്തിലാണ് തടയുന്നത്. തുടര്‍ന്ന് ഒന്നും മനസിലാകാത്ത കുരുന്നിന്റെ മുന്നില്‍ ഇരുന്ന് വിതുമ്പുന്ന അച്ഛനെയും വിഡിയോയില്‍ കാണാം.