ഇന്ത്യയിൽ കൊവിഡ് കേസുകൾ 15 ലക്ഷത്തിലേക്ക്; മരണം 33,000 കടന്നു

ന്യൂഡല്‍ഹി: പ്രതിദിനം അമ്പതിനായിരത്തോളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പ്രതിദിന കൊവിഡ് രോഗബാധ. 654 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്ക രോഗികളും ഉയരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഞായറാഴ്ച 48,661 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 708 പേരാണ് ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.  9,52,744 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 14,83,157 ആയി ഉയര്‍ന്നു. 4,96,988 പേരാണ് നിലവില്‍ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. 33,425 പേരാണ് കൊവിഡ് മൂലം ജീവന്‍ പൊലിഞ്ഞത്. ആരോഗ്യ മന്ത്രാലയം ആണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.

അതേസമയം, രാജ്യത്ത് കൊവിഡ് പരിശോധനയില്‍ വര്‍ധനയുണ്ടായി. ഇന്നലെ മാത്രം രാജ്യത്ത് പരിശോധിച്ചത് 5,28,082 സാമ്പിളുകളാണ്. രണ്ട് ദിവസത്തെ കണക്കുകള്‍ പ്രകാരം പത്തുലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയത്. ജൂലായ് 26 ന് രാജ്യത്ത് പരിശോധിച്ചത് 5,15,000 സാമ്പിളുകളാണ്. കേന്ദ്ര ആരോഗ്യ- ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെയുള്ള 1,73,34,885 സാമ്പിളുകളാണ് പരിശോധിച്ചത്.

ലോകമെമ്പാടും കൊവിഡ് കേസുകൾ മരണങ്ങളും ഉയരുന്നത് തുടരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെയെണ്ണം 16,640,000 കടന്നിരിക്കുകയാണ്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിലുള്ളത്.  അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നിട്ടുമുണ്ട്.  ലോകമെമ്പാടും ആകെ മരണസംഖ്യ 656,488 ആയിട്ടുമുണ്ട്. ഒരു കോടി അറുപത്തിയാറ് ലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 5754,209 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 66,573 പേരുടെ നില ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 10,231,567 പേർക്ക് ഇതിനോടകം രോഗം ഭേദമായിട്ടുമുണ്ട്.

SHARE