രാജ്യത്ത് 24 മണിക്കൂറിനിടെ 32,695 പേര്‍ക്ക് കൂടി കോവിഡ്; മഹാരാഷ്ട്രയില്‍ മരണം 10,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 32695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇത്. ഇതാദ്യമായാണ് പ്രതിദിന വര്‍ധന 30,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 968876 ആയി. 24 മണിക്കൂറിനിടെ 606 പേര്‍ കൂടി വൈറസ് ബാധ മൂലം മരിച്ചു. ഇത് വരെ 24915 പേരാണ് രാജ്യത്ത് ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ചത്.

രോഗബാധ എറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ മരണം 10,000 കടന്നു. ഇത് വരെ 612814 രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പട്ടികയില്‍ പറയുന്നു. നിലവില്‍ 331146 പേരാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിന് മുകളിലാണെന്നത് മാത്രമാണ് ആശ്വാസം. 63.23 ശതമാനമാണ് ഇന്നത്തെ കണക്കുകളനുസരിച്ച് രോഗമുക്തി നിരക്ക്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഐഎംഎ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎംഎയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1302 ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 99 പേര്‍ മരിച്ച സാഹചര്യത്തിലാണ് കര്‍ശന മുന്‍കരുതലിന് ഐഎംഎ റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്.

രോഗവ്യാപന നിരക്ക് ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെങ്കില്‍ നാളെയോ അതിനടുത്ത ദിവസമോ തന്നെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കും.

SHARE