സമൂഹവ്യാപനത്തിലൂടെ കോവിഡ്; 10 നഗരങ്ങളില്‍ ഞെട്ടിക്കുന്ന സീറോ സര്‍വേ ഫലം

ന്യൂഡല്‍ഹി: സമൂഹവ്യാപനമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ്. നിശബ്ദമായി സമൂഹവ്യാപനത്തിലൂടെ കോവിഡ് ബാധിക്കുന്നുവെന്നാണ് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സര്‍വേ ഫലങ്ങളും പറയുന്നത്. പലയിടത്തും നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതു രോഗിയോ സര്‍ക്കാരോ അറിഞ്ഞിട്ടില്ലെന്നതു തന്നെ പ്രധാന കാരണം. വേണ്ടത്ര പരിശോധന ഉണ്ടായില്ലെന്നത് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലക്ഷണമില്ലാത്ത രോഗബാധ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മിക്ക നഗരങ്ങളിലും രോഗം പടര്‍ന്നത് ഇത്തരക്കാരില്‍ നിന്നാണെന്ന് കരുതുന്നു.

വലിയ വിഭാഗം ജനങ്ങള്‍ കോവിഡ് പിടിപെടാന്‍ സാധ്യതയുള്ളവരുടെ ഗണത്തിലാണെന്ന് ഐസിഎംആര്‍ ആദ്യ സിറോ സര്‍വേ ഫലം പുറത്തുവിട്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ പ്രസിദ്ധീകരിച്ച ഡല്‍ഹി സര്‍വേ ഫലത്തിലും ഇതാവര്‍ത്തിച്ചു. 77% പേര്‍ വൈറസിന്റെ നിഴലിലെന്നായിരുന്നു ഡല്‍ഹിയിലെ വിലയിരുത്തല്‍. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കോവിഡ് രൂക്ഷമായി ബാധിച്ച 10 നഗരങ്ങളില്‍ നടത്തിയ സര്‍വേയുടെ സൂചനകളും ഞെട്ടിക്കുന്നതാണെന്നാണ് അനൗദ്യോഗികമായി പുറത്തുവന്ന വിവരങ്ങള്‍ പറയുന്നത്. 8 – 49% ആണ് പല നഗരങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെ തോത്.

SHARE