കൊറോണ: കൈത്താങ്ങായി വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍; നിര്‍ദ്ദേശങ്ങളുമായി യൂത്ത് ലീഗ്

കോഴിക്കോട്: കോവിഡ് 19 പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളിലെന്നപോലെ കേരളത്തലും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുമ്പോള്‍ സഹായവുമായി മുസ്‌ലിം യൂത്ത് ലീഗിന്റെ വെറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ രംഗത്ത്. നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തുന്ന വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും രംഗത്ത്.
സഹായം ആവശ്യമുള്ളയിടങ്ങളില്‍ വേണ്ടത്ര മുന്‍ കരുതലോടെയും സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ചും പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി സോഷ്യല്‍മീഡിയയിലൂടെയാണ് നേതത്വം വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

തങ്ങളുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം…

യൂത്ത് ലീഗ് കമ്മിറ്റികളുടെയും വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെയും ശ്രദ്ധക്ക്…

നമ്മുടെ നാട് അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നത് തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. അതേസമയം സഹായം ആവശ്യമുള്ളയിടങ്ങളില്‍ വേണ്ടത്ര മുന്‍ കരുതലോടെയും സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ചും പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

  1. ജില്ലാ ഭരണകൂടവുമായും ആരോഗ്യ വകുപ്പ് അധികൃതരുമായും ബന്ധപ്പെട്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുക. കാസര്‍കോട് ജില്ലയില്‍ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ ഇത് മാതൃകാപരമായി ഇതിനോടകം ചെയ്തിട്ടുണ്ട്.
  2. വീടുകളില്‍ കഴിയുന്ന മറ്റു രോഗികളും ആശുപത്രിയില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം ഉറപ്പു വരുത്തുക
  3. വീടുകളിലേക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകാന്‍ കഴിയാത്തവര്‍ക്ക് എത്തിച്ചു കൊടുക്കുക
  4. നിത്യജോലി നിലച്ചത് മൂലം വരുമാനം മുട്ടിയ വീടുകള്‍ പ്രത്യേകം തെരഞ്ഞ് പിടിച്ച് അവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു കൊടുക്കുക
  5. ആരും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ ആവശ്യമായത് ചെയ്യുക

6.അന്യ സംസ്ഥാന തൊഴിലാളികള്‍ പലരും പട്ടിണിയിലാണ്. അവര്‍ താമസിക്കുന്നയിടങ്ങളില്‍ ഭക്ഷണം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

7.വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുമായി ഫോണ്‍ മുഖേന നിരന്തരം ബന്ധപ്പെട്ട് അവരുടെ സുഖവിവരം അന്വേഷിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യുക

  1. പ്രാദേശികമായി പല യൂത്ത് ലീഗ് കമ്മിറ്റികളും ചെയ്തത് പോലെ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ തീരുമാനിച്ച് അതാത് പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുക. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പോസ്റ്റര്‍ ഇതിനായി മാതൃകയാക്കാവുന്നതാണ്. പ്രദേശത്തിന്റെ പേര് പോസ്റ്ററില്‍ വെക്കാന്‍ മറന്നു പോകരുത്.

ശ്രദ്ധിക്കുക, ആവശ്യമായ സമയത്ത് മാത്രം പുറത്തിറങ്ങുകയും പുറത്തിറങ്ങുമ്പോള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ധേശങ്ങള്‍ പാലിക്കുകയും ചെയ്തിട്ടു വേണം മേല്‍ കാര്യങ്ങളില്‍ ഇടപെടേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു. സഹായം ലഭിക്കാത്തതിന്റെ പേരില്‍ ഒരാളും ബുദ്ധിമുട്ടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ജാഗ്രതയോടെ നില്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍(പ്രസിഡണ്ട്)
പി.കെ ഫിറോസ് (ജനറല്‍ സെക്രട്ടറി)