കൊറോണ: വാര്‍ഡ് ഡ്യൂട്ടിക്കിട്ട ഡോക്ടര്‍ ദമ്പതികള്‍ രാജിവെച്ചു; കേസെടുക്കും

റാഞ്ചി: ജാര്‍ഖണ്ഡില്‍ കൊറോണ വാര്‍ഡ് ഡ്യൂട്ടിക്കിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു. വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവെച്ചത്. വാട്‌സാപ്പ് ജിമെയില്‍ സംവിധാനങ്ങളിലൂടെയായിരുന്നു രാജി. എന്നാല്‍ ഡോക്ടര്‍മാരോട് ഹാജരാകാന്‍ ആസ്പത്രി ആവശ്യപ്പെട്ടു.

ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഡോ. ടിര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ എപിഡമിക് ഡിസീസ് ആക്റ്റ് പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല ഡ്യൂട്ടിക്കെത്തിയില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും സിവില്‍ സര്‍ജന്‍ ഡോ ദുബെ വ്യക്തമാക്കുന്നു. ധുംക മെഡിക്കല്‍ കോളജില്‍ നിന്നും രാജിവെച്ച ഡോ. അലോക് അടുത്തിടെയാണ് സദാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് ദിവസം മുമ്പ് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കിടുകയായിരുന്നുവെന്നും ഡോ ദൂബെ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ രംഗത്തെത്തി. ആസ്പത്രിക്കുള്ളിലെ രാഷ്ട്രീയക്കളിയുടെ ഇരായാണ് താനെന്ന് ഡോ ടിര്‍ക്കി പറഞ്ഞു. ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.

‘നാല് ദിവസം മുമ്പ് മാത്രമാണ് ഞാന്‍ ഇവിടെ ജോലിക്കെത്തുന്നത്. അടുത്ത ദിവസം തന്നെ കൊറോണ വാര്‍ഡിലിട്ടു. എന്ത് കൊണ്ടാണ് മറ്റ് ഡോക്ടര്‍മാരെയാരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പോസ്റ്റ് ചെയ്യാതിരുന്നത്’. ഇത്രയധികം രോഗികളെ താന്‍ എങ്ങനെയാണ് ഒറ്റയ്ക്കു നോക്കുകയെന്നും ഡോക്ടര്‍ ചോദിക്കുന്നു.’ആദ്യ ദിവസം യാതൊരു വിധ സുരക്ഷാ കിറ്റുകളുമില്ലാതയാണ് താന്‍ രോഗികളെ പരിചരിച്ചത്. മാത്രവുമല്ല രോഗികള്‍ക്ക് വേണ്ട മരുന്ന് പോലുമുണ്ടായിരുന്നില്ല. ഇതായിരുന്നു ധുംക മെഡിക്കല്‍ കോളേജിലെ അവസ്ഥ’, ഡോ ടിര്‍ക്കി കൂട്ടിച്ചേര്‍ത്തു.

SHARE