ശാഹിദ് തിരുവള്ളൂര്‍
കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ വാക്‌സിന്‍ എന്നുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആരുടേത് റെഡ്യായാലും കൊയപ്പല്ലേലും എപ്പോള്‍ റെഡിയാകുമെന്നത് പ്രധാന ചോദ്യമായി നിലകൊള്ളുന്നു. കോവിഡ് വാക്‌സിന്റെ ചില വിശേഷങ്ങളിലേക്ക്..
വാക്‌സിന്‍-ലാബ് മുതല്‍ വാക്സിനേഷന് വരെ:
പ്രധാനമായും അഞ്ച് ഘട്ടങ്ങളാണ് ഒരു വാക്‌സിന്‍ നമുക്ക് ഉപയോഗപ്പെടുത്താനാവുന്നതിന് മുമ്പ് കടന്നുപോകേണ്ടത്.
1-പര്യവേഷണ ഘട്ടം(exploratory stage) രോഗാണുവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗവേഷണം വിവിധ ലാബുകളില്‍ നടക്കുന്ന ഘട്ടമാണിത്. സാധാരണ 2 മുതല്‍ 4 വര്‍ഷം വരെയെടുക്കും. പക്ഷെ, കൊറോണക്കാലത്ത് എല്ലാം പെട്ടെന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
2- പ്രീ ക്ലിനിക്കല്‍ ഘട്ടം- ഈ ഘട്ടത്തില്‍ വാക്‌സിന്‍ മൃഗങ്ങളില്‍ പരിശോധിക്കുന്നു. എലികള്‍, കുരങ്ങുകള്‍ എന്നിവരാണ് സാധാരണ ഇരകള്‍. അവര്‍ക്ക് പ്രതിരോധ ശേഷി ലഭിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കപ്പെടുന്നത്. സാധാരണ ഒന്നുമുതല്‍ 2 വര്‍ഷം വരെ എടുക്കുന്ന പ്രക്രിയ. കൊറോണ പ്രമാണിച്ച് ഭൂരിഭാഗം രാജ്യങ്ങളും ഒരു മാസം കൊണ്ട് തീര്‍ത്തു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമല്ലോ.
3-ക്ലിനിക്കല്‍ ഘട്ടം: വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് ഈ സമയത്താണ്. മൂന്ന് ഘട്ടങ്ങള്‍ ഇവിടെയുമുണ്ട്.
ഫെയ്‌സ് 1, അഥവാ മനുഷ്യരിലെ ആദ്യ ഘട്ടം- ചെറിയൊരു വിഭാഗം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കപ്പെടുന്നു. സുരക്ഷ, നല്‍കേണ്ട അളവ്, പ്രതിരോധ ശേഷി എന്നിവ പരിശോധിക്കപ്പെടുന്നു. പൊതുവെ 10 മുതല്‍ നൂറുവരെ ആളുകളെ ഉപയോഗപ്പെടുത്തും. പൊതുവെ രണ്ടു മാസം. കൊറോണയില്‍ ആഴ്ചകള്‍ മാത്രം.
ഫെയ്‌സ് 2 അഥവാ വിശാല ഘട്ടം- കൂടുതല്‍ വിശാലമായ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കപ്പെടുന്നു. കുട്ടികള്‍, വൃദ്ധര്‍, യുവാക്കള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെയാണ് പരിഗണിക്കപ്പെടുക. ആര്‍ക്കൊക്കെ ഏതൊക്കെ അളവില്‍ പ്രതിരോധ ശേഷി ഉണ്ടാകുന്നു എന്ന് പരിശോധിക്കപ്പെടുന്നു. പൊതുവെ ഒരു വര്‍ഷമെടുക്കാറുണ്ട്. കൊറോണയില്‍ അതിവേഗം.
ഫെയ്‌സ് 3 അഥവാ ഫലപ്രാപ്തി ഘട്ടം- വിവിധ പ്രദേശങ്ങളിലെ ആയിരക്കണക്കിന് പേര്‍ക്ക് വാക്‌സിന്‍ നല്‍കപ്പെടുന്നു. ഇവരില്‍ ആര്‍ക്കൊക്കെ രോഗം പിടിപെടുന്നു, ആര്‍ക്കൊക്കെ രോഗം വരുന്നില്ല എന്ന് പരിശോധിക്കപ്പെടുന്നു. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ ടെസ്റ്റ് ചെയ്യപ്പെടുന്നതും ഈ ഘട്ടത്തിലാണ്. ചില കമ്പനികള്‍ ഫെയ്‌സ്-4 ഉം നടത്താറുണ്ട്.
4-അനുമതി ഘട്ടം- ഓരോ ഘട്ടത്തിലും നടത്തപ്പെടുന്ന പരിശോധനകളുടെ റിസള്‍ട്ടുകള്‍ കൃത്യമായി ഓരോ രാജ്യത്തെയും ഏജന്‍സികള്‍ പരിശോധിക്കുന്നു. വിജയകരമാണെന്ന് വിലയിരുത്തപ്പെട്ടാല്‍ അനുമതി നല്‍കുന്നു. ആദ്യം അനുമതി നല്‍കുന്നത് പരിമിത ഉപയോഗത്തിനാണ്. വിജയകരമെന്ന് കണ്ടാല്‍ വിശാല ഉപയോഗത്തിന് അനുമതി നല്‍കുന്നു. സാധാരണ അനുമതിയും അടിയന്തിരാവശ്യത്തിനുള്ള അനുമതിയുമുണ്ട്. കൊറോണയുടെ കാര്യത്തില്‍ അടിയന്തിരാവശ്യത്തിനുള്ള അനുമതിയാണ് പൊതുവെ രാജ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ നല്‍കുക.
സാധാരണ ഒരു വാക്‌സിന്റെ വികാസ രീതിയാണിത്. അടിയന്തിര സാഹചര്യങ്ങളില്‍ ഫെയ്‌സ് 1, ഫെയ്‌സ്-2 (ഒന്ന്, രണ്ട് ഘട്ടങ്ങള്‍) എന്നിവ ഒരുമിച്ച് നടത്തപ്പെടാറുണ്ട്. കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ ഭൂരിഭാഗവും ഈ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറിയത്. വര്‍ഷങ്ങള്‍ എടുത്തിരുന്ന ഇത്തരം പ്രക്രിയകള്‍ എങ്ങനെ മാസങ്ങള്‍ കൊണ്ട് നീക്കാം എന്ന് കൊറോണ നമ്മെ പഠിപ്പിച്ചുവെന്നു ചുരുക്കം.
ആര് മുന്നിലെത്തും.
വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ കടുത്ത മത്സരങ്ങളാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നത്. രാജ്യങ്ങള്‍ക്കിടയിലെ അഭിമാന പ്രശ്‌നമായി ഈ പരീക്ഷണങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും മനുഷ്യരാശിക്ക് പൊതുവില്‍ ഈ മത്സരം ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
(പ്രീ ക്ലിനിക്കല്‍)-140 ലേറെ വാക്‌സിനുകള്‍ ഇപ്പോള്‍ ഈ ഘട്ടത്തിലാണ്. അഥവാ മനുഷ്യരിലേക്കെത്തിയിട്ടില്ല.
(ഫെയ്‌സ്-1) 18 വാക്‌സിനുകളാണ് ഈ ഘട്ടത്തിലുള്ളത്. അഥവാ മനുഷ്യരില്‍ ചെറുതായി തുടങ്ങി.
(ഫെയ്‌സ്-2)-12 വാക്‌സിനുകള്‍ വിശാല ഘട്ടത്തിലേക്ക് കടന്നു. മനുഷ്യരിലെ പലവിഭാഗം ആളുകളില്‍ പരീക്ഷിക്കപ്പെടുന്നു.
(ഫെയ്‌സ്-3)-6 വാക്‌സിനുകള്‍ ഫലപ്രാപ്തി പരീക്ഷപ്പെടുന്ന ഘട്ടത്തിലാണ്. ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ പരീക്ഷിച്ചുതുടങ്ങി.
(അനുമതി ഘട്ടം)-ഒരു വാക്‌സിന് മാത്രമാണ് അനുമതി ഘട്ടത്തിലെത്തിയത്. ഇവര്‍ക്ക് പരിമിത ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്.
ഓരോ ഘട്ടത്തിലും നിലവിലുള്ള പ്രധാന കമ്പനികള്‍ ഏതൊക്കെ എന്നു നോക്കാം. അവസാന ഘട്ടമായ അനുമതി ഘട്ടത്തിലുള്ളത് നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു ചൈനീസ് കമ്പനിയുടേതാണ്. CanSino Biologics എന്ന കമ്പനിയാണ് ഇതിനു പിന്നില്‍. കഴിഞ്ഞ മേയ് മാസം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ഇവര്‍ ജൂലായില്‍ രണ്ടാം ഘട്ടം കടന്നു. ശേഷം ചൈനീസ് സൈന്യത്തിന് മാത്രം ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിക്കഴിഞ്ഞു. അഥവാ പരിമിത രീതിയിലെ ഉപയോഗം.
അനുമതി ഘട്ടത്തിനു തൊട്ടുമുമ്പുള്ള ഫെയ്‌സ് -3 അഥവാ ആയിരക്കണക്കിന് ആളുകളിലേക്ക് പരീക്ഷിക്കപ്പെടുന്ന ഘട്ടത്തിലുള്ളത് 6 വാക്‌സിനുകളാണ്. നാം ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാ സെനേക്കയും ചേര്‍ന്ന് നടത്തുന്ന വാക്‌സിന്‍ പരീക്ഷണം ഈ ഘട്ടത്തിലാണുള്ളത്. അമേരിക്കന്‍ കമ്പനിയായ മൊഡേണ, ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക് എന്നിവരുടെ വാക്‌സിന്‍ ഈ ഘട്ടത്തിലാണ്. ഈ രണ്ട് കമ്പനികള്‍ തമ്മിലെ മത്സരം ആദ്യം രാജ്യങ്ങള്‍ക്കിടയില്‍ മത്സരമായി നിലകൊണ്ടെങ്കിലും ഇപ്പോള്‍ പരസ്പര സഹകരണത്തിലാണ്. വിവിധ അമേരിക്കന്‍ ചൈനീസ് കമ്പനികള്‍ ജര്‍മന്‍ കമ്പനിയുമായി സഹകരിക്കുന്നുണ്ട്. ജര്‍മന്‍ കമ്പനി അമേരിക്കന്‍ വാക്‌സിന്‍ ചോര്‍ത്തുന്നു എന്ന് ട്രമ്പ് ആരോപണമുന്നയിച്ചിരുന്നു. ഒരു ഓസ്‌ട്രേലിയന്‍ കമ്പനിയും മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നുണ്ട്.
ഈ ഘട്ടത്തിലുമുണ്ട് രണ്ട് ചൈനീസ് കമ്പനികളുടെ സാന്നിധ്യം. ചൈനീസ് പബ്ലിക് കമ്പനിയായ സിനോഫാമിന്റെ ഫെയ്‌സ്-3 നടക്കുന്നത് യു.എ.ഇ യിലാണ്. യു.എ.ഇ ആരോഗ്യമന്ത്രിയായിരുന്നു സ്വയം കുത്തിവെപ്പെടുത്ത് പരീക്ഷിച്ച ആദ്യ സന്നദ്ധ പോരാളി. ചൈനയിലെ തന്നെ ്‌സ്വകാര്യ കമ്പനിയായ സിനോവാക് കമ്പനിയുടെ ഫെയ്‌സ് -3 ബ്രസീലില്‍ നടക്കുന്നുണ്ട്. ചൈനീസ് കമ്പനികളെ മറികടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് യു.എസും യൂറോപ്പും ബ്രിട്ടണുമെല്ലാം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിന്‍ ആദ്യമെത്തിയാല്‍ വിതരണത്തിന് ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കരാറിലെത്തി ഈ യുദ്ധത്തില്‍ കൂട്ടുചേര്‍ന്നിട്ടുണ്ട്. എല്ലാം തടസ്സങ്ങളും മറികടന്ന് ചൈനീസ് കമ്പനി മുന്നിലെത്തുമോ എന്ന് പല രാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്.
ഫെയ്‌സ്-2 ഘട്ടത്തില്‍ 12 കമ്പനികളാണുള്ളത്. ഇതില്‍ തന്നെ രണ്ടെണ്ണം ഇന്ത്യന്‍ കമ്പനികളാണെന്നതാണ് ഏറെ അഭിമാനകരം. മറ്റു പല കമ്പനികളെയും പോലെ ഇന്ത്യന്‍ കമ്പനികളും ഫെയ്‌സ് ഒന്ന്, രണ്ട് ഘട്ടങ്ങള്‍ സംയുക്തമായാണ് ചെയ്യുന്നത്. ഭാരത് ബയോടെക് എന്ന ഇന്ത്യന്‍ കമ്പനി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ കമ്പനികളുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ നിര്‍മിക്കുന്നത്. ജൂലായ് മാസമാണ് ഫെയ്‌സ് 2 ആരംഭിച്ചത്. ആഗസ്ത് 15ന് വാക്‌സിന്‍ തയാറാകുമെന്നാണ് പ്രഖ്യാപനമെങ്കിലും സാധ്യത കുറവാണ്. zyedus cadila എന്ന സ്വകാര്യ ഇന്ത്യന്‍ കമ്പനിയും ഈ ഘട്ടത്തിലെത്തിയിട്ടുണ്ട്. ജപ്പാന്‍, ഇസ്‌റയേല്‍, അമേരിക്കന്‍, ചൈനീസ് കമ്പനികളാണ് മറ്റുള്ളവ.
5-അനുമതിക്ക് ശേഷം:
വാക്‌സിന്‍ അനുമതി ലഭിക്കുന്നത് വരെയുള്ള ഘട്ടങ്ങളാണ് ഇവിടെ പരാമര്‍ശിച്ചത്. അനുമതിക്ക് ശേഷം അങ്ങാടിയിലെത്താന്‍ ഇനിയുമുണ്ട് നിരവധി ഘട്ടങ്ങള്‍. അവ ഏതൊക്കെ എന്ന് നോക്കാം. മൂന്നാം ഘട്ടം വിജയകരമായി പിന്നിട്ടുവെന്നതിന്റെ പ്രൂഫ് ഹാജരാക്കുകയാണ് ആദ്യം വേണ്ടത്. ഈ പരീക്ഷണത്തില്‍ പങ്കെടുത്ത ആളുകളില്‍ നിന്ന് റെഗുലേറ്ററി അതോറിറ്റികള്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി ഉറപ്പുവരുത്തും. ഇത് ഓകെയാണെങ്കില്‍ അടിയന്തിര അനുമതി നല്‍കി വാക്‌സിന്‍ നിര്‍മാണം ആരംഭിക്കും. അടിയന്തിരാവശ്യങ്ങള്‍ക്കുള്ള അനുമതി, നിര്‍മാതാക്കള്‍ക്കുള്ള ലൈസന്‍സ് നല്‍കല്‍ തുടങ്ങിയ പ്രക്രിയ കൂടി ഇതില്‍ ഉള്‍പ്പെടും. പൊതുവെ രണ്ട് വര്‍ഷമാണ് ഈ ഘട്ടത്തില്‍ എടുക്കാറുള്ളത്. പക്ഷെ, കൊറോണയെ ചെറുക്കാന്‍ ഈ കാലാവധി മൂന്നുമാസമായി ചുരുക്കാനാണ് രാജ്യങ്ങളുടെ ശ്രമം. വിതരണമാണ് മറ്റൊരു ഘട്ടം. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍കൃത വിഭാഗത്തിന് വാക്‌സിനുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ രാജ്യങ്ങള്‍ നടത്തും. ഉപയോഗത്തിനിടെ ഏതെങ്കിലും വ്യക്തിക്ക് അപകടകരമായ പാര്‍ശ്വഫലങ്ങള്‍ കണ്ടാല്‍ വീണ്ടും വാക്‌സിന്‍ ആദ്യ ഘട്ടമായ ലാബിലേക്ക് പറക്കും. പൊതുവെ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുമ്പോഴാണ് അന്തിമ അനുമതി നല്‍കുക. അതിദീര്‍ഘമായ ഒരു പ്രക്രിയയുടെ അവസാന ഭാഗം.
വാക്‌സിന്‍ ബേസിക്‌സ്:
ചില വാക്‌സിന്‍ ബേസിക്‌സ് കൂടി പറഞ്ഞു നിര്‍ത്താം. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം. അഥവാ പുറത്തുനിന്നുവരുന്ന ആന്റിജനുകള്ക്കെതിരില് ആന്റിബോഡികളെ നിര്മിക്കുക. ശരീരത്തിന്റെ സായുധ സേനയാണ് ആന്റി ബോഡി. പുറത്തെ ശത്രുവാണ് ആന്റി ജന്. ആന്റി ജന് വൈറസാകാം, ബാക്ടീരിയയാകാം. എന്തുമാകാം. വാക്സിനിലൂടെ നാം ചെയ്യുന്നത് ശത്രുവിനെ നേരിടാന് ശത്രുവിനെ തന്നെ ഉപയോഗിക്കുകയാണ്. ഇതിനുവേണ്ടി ജീവനുള്ളവയും ഇല്ലാത്തവയുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവയെ നേരത്തെ തന്നെ ശരീരത്തിനുള്ളിലേക്കെത്തിച്ച് ശരീരത്തിനുള്ളില് ആന്റിബോഡികള് ആദ്യമേ നിര്മിച്ചുവെക്കും. പുറത്തുനിന്ന് ആ ശത്രുവന്നാല് ഉടന് ഇവ എഴുന്നേറ്റ് പണിയാരംഭിക്കും. പേപ്പട്ടി വിഷബാധയ്കെതിരെയുള്ള റാബിസ് വാക്സിനുകൾ, പോളിയോ രോഗത്തിനതിരെയുള്ള സാൽക്ക് വാക്സിനുകൾ എന്നിവയിൽ ജീവനില്ലാത്ത അണുക്കളെയാണ് ഉപയോഗിക്കുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള ബി.സി.ജി കുത്തിവയ്പിന് ജീവനുള്ള എന്നാല് നിർവീര്യമാക്കപ്പെട്ട രോഗാണക്കളെ ഉപയോഗിക്കുന്നു. വസൂരി രോഗബാധയ്കെതിരെ സജീവമായ ഗോവസൂരി രോഗാണുക്കളെയാണ് ഉപയോഗിച്ചിരുന്നത്. ചില വാക്സിനുകളിൽ രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ നിർവീര്യമാക്കിയാണ് ഉപയോഗിക്കുന്നത്. ചുരുക്കി പറഞ്ഞാല്, ജീവനുള്ളവ, ചത്തവ, രണ്ടും ചേര്ന്നവ (Live-attenuated vaccines
Inactivated vaccines recombinant, vaccines) ഇങ്ങനെ പല രീതിയില് രോഗാണുക്കളെ നമ്മുടെ ശരീരത്തിനുള്ളിലേക്ക് വാക്സിനുകളായി കയറ്റി ആ രോഗങ്ങള്ക്കെതിരില് ശരീരം പ്രതിരോധം നേടുന്നു. കൊറോണയ്ക്കെതിരെയുള്ള വാക്സിനും ഈ തന്ത്രം തന്നെയാണ് ഉപയോഗിക്കുന്നത്. പല കമ്പനികളും പല രൂപത്തിലാണ് വാക്‌സിനുകള്‍ നിര്‍മിക്കുന്നത്. കൊറോണ വൈറസിനെ മൊത്തം മാറ്റുന്നവ, കൊറോണയുടെ ജനിതക ഘടനയെ തകര്‍ക്കുന്നവ (ആര്‍.എന്‍.എ വാക്‌സിന്‍, ഡി.എന്‍.എ വാക്‌സിന്‍), കൊറോണയുടെ കോശത്തിലേക്ക് നേരിട്ട് വൈറസിനെ പ്രവേശിക്കുന്നവ, പ്രോടീന്‍ ഉപയോഗിക്കുന്നവ, സംയോജിപ്പിക്കുന്നവ ഇങ്ങനെ പലരൂപത്തിലാണ് പല കമ്പനികളുടെയും ശ്രമങ്ങള്‍. എന്തായാലും ചെലോല്‍ത് റെഡ്യാകും. ചെലോല്‍ത് പൊട്ടും. അതൊക്കെ വാക്‌സിന്‍ നിര്‍മാണത്തില്‍ സാധാരണമാണ്. എന്നുവരും എന്ന വിഷയം മാത്രമേ സാധാരണക്കാരെ അലട്ടുന്നുള്ളൂ.
എന്നുവരും?
നിലവിലെ വേഗതയില്‍ കാര്യങ്ങള്‍ പോകുകയാണെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ എന്നാണ് ഡബ്ലൂ. എച്ച്. ഒ ചീഫ് സയന്റിസ്റ്റ് സൗമ്യസ്വാമിനാഥന്‍ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അടുത്തവര്‍ഷം മധ്യത്തോടെ എന്നാണ് വിദഗ്ധ പക്ഷം. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അദാര്‍പൂനെ വാലെയുടെ അഭിമുഖത്തില്‍ ഈ വര്‍ഷം അവസാനം തന്നെ വാക്‌സിന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് വാഗ്ദാനം നല്‍കുന്നുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി നിര്‍മാണ വിതരണ കാരാര്‍ ഏറ്റെടുത്ത ഇന്ത്യന് കമ്പനിയാണ് സിറം. ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ വിജയകരമായാലാണ് ഇത് സാധ്യമാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
വാക്‌സിനുശേഷം?
വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണ് എന്നതിനനുസരിച്ചിരിക്കും കാര്യംങ്ങള്‍. കൊറോണയെ പൂര്‍ണ്ണമായും ഓടിക്കണമെങ്കില്‍ ഭൂമിലോകത്തെ 60-70 ശതമാനം പേര്‍ക്കെങ്കിലും പ്രതിരോധം ലഭ്യമാകണം. എങ്കില്‍ മാത്രമേ ഹെര്‍ഡ് ഇമ്യൂണിറ്റി അഥവാ കൂട്ടമായ പ്രതിരോധം സാധ്യമാകൂ. അതിന് ബില്യണ്‍ കണക്കിന് വാക്‌സിന്‍ ഡോസുകള്‍ നിര്‍മിക്കപ്പെടുകയും യഥാവിധി നല്‍കപ്പെടുകയും വേണം. അതുവരെ നമുക്ക് കൈകഴുകി, മാസ്‌കിട്ട്, സാമൂഹ്യനിയന്ത്രണം പാലിച്ച് കാത്തിരിക്കാം..