പശ്ചിമ ബംഗാളിലും ഹരിയാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുന്നു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ പതിനെട്ടുകാരനാണ് നോവല്‍ കോറോണ സ്ഥിരീകരിച്ചിത്. കോവിഡ് -19 പകര്‍ച്ചവ്യാധിയെ ചുറ്റിപ്പറ്റിയുള്ള ആശങ്ക തുടരുന്നതിനിടെ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും, ഹരിയാനയിലും ചൊവ്വാഴ്ച ആദ്യത്തെ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 147 ആയി.

നേരത്തെ കരസേന ജവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാനാണ് കൊറോണ സ്ഥിരീകരിച്ചത്. 1.3 ദശലക്ഷം വരുന്ന രാജ്യത്തെ സുരക്ഷാ സേനയിലെ ആദ്യ കൊറോണ വൈറസ് സ്ഥിരീകരണമാണിത്. ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയിരുന്ന ജവാന്റെ പിതാവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് കൊറോണ സ്ഥിരീകരിച്ചത്. ജവാന്റെ കുടുംബത്തെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹരീയാനയില്‍ ഒരു വിദേശിയടക്കം 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. 41 പേരാണ് മാഹാരാഷ്ട്രിയല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഇതുവരെ മൂന്ന് പേര്‍ മരിച്ചു

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ റെയില്‍വേ ദിവസയാത്രക്കാരുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായി. ഇന്നലെ മാത്രം രാജ്യത്തെ 85 ട്രെയിനുകള്‍ നിര്‍ത്തിവെച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍റെയില്‍വേ 23 ട്രെയിലുകളും, സതേണ്‍ 29ഉം വെസ്റ്റേണ്‍ റെയില്‍വേ 10 ട്രെയിനുകളും ഈസ്റ്റ്‌കോസ്റ്റ് 5 വീതം വണ്ടികളുമാണ് കാന്‍സല്‍ ചെയ്തത്. തീവണ്ടിയില്‍ ശുചിത്വം പാലിക്കാനും കനത്ത ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സ്റ്റേഷനുകളില്‍ ആളുകളുടെ തിരക്ക് ഒഴുവാക്കാനായി പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വില പത്തില്‍ നിന്നും 50നേക്ക് ഉയര്‍ത്തി.

കേരളത്തില്‍ മാര്‍ച്ച് പത്തിനാണ് അതിജാഗ്രതയിലേക്ക് നീങ്ങിയത്. മാര്‍ച്ച് 10-ന് 2.2 ലക്ഷം തീവണ്ടി യാത്രക്കാരുണ്ടായിരുന്നത് 15-ന് 80,188 പേരായാണ് കുറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് ജനറല്‍ യാത്രക്കാരുടെ എണ്ണം 1.5 ലക്ഷമായി കുറഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. മാര്‍ച്ച് 12-ന് 1.27 ലക്ഷവും 13-ന് 1.26 ലക്ഷവും 14-ന് 96,608-ഉം ആയിരുന്നു യാത്രക്കാരുടെ എണ്ണം. ജനറല്‍ കോച്ചുകളില്‍ ശരാശരി ദിവസവരുമാനം ഒരു കോടിയില്‍നിന്ന് 80 ലക്ഷത്തിലേക്ക് താഴ്ന്നു.
കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് റദ്ദാക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടി.

അതേസമയം, രോഗനിര്‍ണയത്തിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സ്വകാര്യ എന്‍എബിഎല്‍ അംഗീകൃത ലബോറട്ടറികള്‍ക്ക് കോവിഡ് -19 പരിശോധന നടത്താന്‍ ഉടന്‍ അനുവദിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.