ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി, ശനിയാഴ്ച അവധി; സര്‍ക്കാര്‍ ഓഫീസുകളിലും പുതിയ ക്രമീകരണം

തിരുവനന്തപുരം: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും ജോലിക്ക് നിയന്ത്രണം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ദിവസവും നിലവിലുള്ളതിന്റെ പകുതി ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതിയെന്നും ആദ്യദിവസം ജോലിക്ക് വരുന്നവര്‍ക്ക് തൊട്ടടുത്ത ദിവസം അവധിയും നല്‍കുന്ന പുതിയ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്. ഈ മാസം 31 വരെയുള്ള ശനിയാഴ്ചകളില്‍(നാളെ ഉള്‍പ്പെടെ) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നാണ് നിര്‍ദേശം. ഓഫീസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.

കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം ഇളവുകള്‍ നല്‍കിയിരുന്നു. ഇതിനു സമാനമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും കൈക്കൊണ്ടിരിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ സാമ്പത്തിക രംഗത്ത് നേരിട്ട വലിയ പ്രതിസന്ധിയെ മറികടക്കാന്‍ നബാര്‍ഡിനോട് 2000 കോടി രൂപ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കാനാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്.

SHARE