ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനശക്തി അതിവേഗം വര്‍ധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. തുടക്കത്തിലുള്ളതിനേക്കാള്‍ അതിവേഗമാണ് വൈറസ് കൂടുതല്‍ ആളുകളിലേക്ക് പകരുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസസ് പറഞ്ഞു. ചൈനയിലെ വുഹാനില്‍ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം 67 ദിവസം കൊണ്ടാണ് ലോകത്താകെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷമായത്. എന്നാല്‍ 11 ദിവസം കൊണ്ടാണ് രണ്ട് ലക്ഷം കടന്നത്. വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷമാകാന്‍ വെറും മൂന്ന് ദിവസമാണെടുത്തത്. എന്നാല്‍ നമ്മള്‍ നോക്കിനില്‍ക്കുന്നവരല്ലെന്നും ഈ കണക്കുകള്‍ കണ്ട് ഭയക്കേണ്ടെന്നും ഗബ്രെയെസസ് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ രോഗം പിടിപെടുമ്പോള്‍ ലോകം അതീവ ജാഗ്രതയിലാണ്. വൈറസിനെ കീഴടക്കാനുള്ള പോരാട്ടം ശക്തമാക്കാന്‍ എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളെല്ലാം അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്പില്‍ ഇറ്റലിക്ക് പിന്നാലെ സ്‌പെയിന്‍, യുകെ തുടങ്ങിയ രാജ്യങ്ങളും ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കി.
കോഴിക്കോട് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 93 ആയി. ഇതോടെ കോഴിക്കോട് ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതിന് പുറമേ കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കോവിഡ് 19 സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി മാര്‍ച്ച് 17 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ (6 ഇ: 89 ) ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.15ന് എത്തിയതാണ്. 11 മണിക്ക് വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോയി. വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു.
അന്ന് രാത്രി 8 നും 8.30 നും ഇടയില്‍ സ്വന്തം വാഹനത്തില്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 17 മുതല്‍ 21 വരെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 21 ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് 19 സ്ഥിരീകരിച്ച നാലാമത്തെ വ്യക്തി മാര്‍ച്ച് 20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (അക 906) ദുബായില്‍ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതല്‍ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടില്‍ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയില്‍ എം.ജി.ആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്നു.
രാത്രി 8.30 നുള്ള ചെന്നൈമംഗലാപുരം (12601) ട്രെയിനിന്റെ ബി 3 കോച്ചില്‍ യാത്ര ചെയ്ത് 21 ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി. റെയില്‍വേ സ്‌റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനയ്ക്കുശേഷം 108 ആംബുലന്‍സില്‍ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി മാര്‍ച്ച് 19 നാണ് എയര്‍ ഇന്ത്യ എ.ഐ 938 വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ നിന്നും 9.30 ന് 108 ആംബുലന്‍സ് സര്‍വീസില്‍ നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.