റമളാനില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം; സഊദിയില്‍ കോവിഡിനെ അതിജീവിക്കാന്‍ 47 ബില്യണ്‍ നല്‍കി സല്‍മാന്‍ രാജാവ്

അഷ്റഫ് വേങ്ങാട്ട്

റിയാദ്: വിശുദ്ധ റമദാന്‍ മാസത്തില്‍ സഊദിയില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവില്ലാത്ത ഭാഗങ്ങളില്‍ വൈകീട്ട് അഞ്ച് മുതല്‍ പിറ്റേന്ന് രാവിലെ ഒമ്പത് വരെയാണ് സമയം മാറ്റിയാതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ ഇത് ഉച്ചക്ക് മൂന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറത്തിറങ്ങുന്നതിന് അനുമതിയുണ്ട്. 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. ഭക്ഷണ വസ്തുക്കള്‍ , വൈദ്യസഹായം തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്.

അതിനിടെ, കോവിഡിനെ നേരിടാന്‍ ആരോഗ്യമന്ത്രാലയത്തിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് 47 ബില്യണ്‍ റിയാല്‍ നല്‍കിയതായി ആരോഗ്യമന്ത്രി ഡോ തൗഫീഖ് അല്‍ റബീഅ വെളിപ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ഫണ്ട് അനുവദിച്ച തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജന്‍കുമാരനും മന്ത്രി നന്ദി പറഞ്ഞു. വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയേക്കുമെന്നും കോവിഡ് മുക്തമാക്കാന്‍ സഊദി തീവ്രയത്നത്തിലാണെന്നും ആരോഗ്യമന്ത്രി മന്ത്രി പറഞ്ഞു.

അതേസമയം, കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ സഊദിയുടെ സമ്പദ്ഘടന ശക്തമാണെന്ന് ഐ.എം.എഫ് ട്വീറ്റ് ചെയ്തു. രോഗബാധയെ നിയന്ത്രിക്കാനും പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്താനും സഊദിക്ക് പെട്ടെന്ന് സാധിക്കുമെന്നും ഐ.എം.എഫ് പ്രതിനിധി അഭിപ്രായപ്പെട്ടു.