കോവിഡ് 19: കൊറിയയിലെ സാംസങ് ഫാക്ടറി അടച്ചു; ഗാഡ്ജറ്റ്‌സ് വിപണിയേയും ബാധിച്ച് കൊറോണ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകവിപണിയില്‍ വലിയ സാന്നിധ്യമായ സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങി യന്ത്രോപകരണ വസ്തുക്കളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട്. പുതിയതായി പുറത്തിറങ്ങിയ ഫോണുകള്‍ക്കും മറ്റും വിപണയില്‍ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. സംസങിന്റെ പുതിയ ഗാലക്‌സി എസ് 20 സീരീസ് ഫോണുകളുടെ ആദ്യ ദിവസത്തെ വില്‍പ്പനയെ കൊറോണ വൈറസ് വളരെയധികം ബാധിച്ചുവെന്ന് സാംസങ് തന്നെ റിപ്പോര്‍ട്ടു ചെയ്തു.

ഇതിനിടെ, സാംസങ് ഇലക്ട്രോണിക്‌സ് ദക്ഷിണ കൊറിയയിലെ തങ്ങളുടെ ഫാക്ടറികളിലൊന്ന് അടച്ചതായി യോണ്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒരു തൊഴിലാളിയില്‍ കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡേവിക്കടുത്തുള്ള ഗുമ്മിനിയിലെ മൊബൈല്‍ ഉപകരണ ഫാക്ടറി അടച്ചത്. നേരത്തെ കേസ് കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ മാസം ഇത് ഒരു ചെറിയ സമയത്തേക്ക് അടച്ചിരുന്നു.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ഭീതി നിലനില്‍ക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. കൊറോണയെ തുടര്‍ന്ന ഞായറാഴ്ച ദക്ഷിണ കൊറിയയില്‍ പള്ളികളും അടച്ചിരുന്നു. പകരം പാര്‍ത്ഥനക്കായി നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തി. ദക്ഷിണ കൊറിയയില്‍ 376 പുതിയ കൊറോണ വൈറസ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,526 കേസുകളായി. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 17 പേരുടെ മരണസംഖ്യ പിന്നെ ഉയര്‍ന്നിട്ടില്ല. അതേസമയം ചൈനയിലും രോഗം പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും കുറവ് വന്നിട്ടുണ്ട്.

വൈറസ് ബാധയേ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി 50 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മറികടക്കാന്‍ മറ്റുരാജ്യങ്ങളെ സമീപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, വാഹനങ്ങളുടെയും മറ്റും യന്ത്രഭാഗങ്ങള്‍, തുണിത്തരങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, വൈറ്റമിനുകള്‍, കീടനാശിനികള്‍ തുടങ്ങി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 1,050 ഇനങ്ങള്‍ക്ക് ബദല്‍ കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ചൈനയില്‍ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതെന്നതും ഇവയുടെ ഉത്പാദനത്തെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി കേന്ദ്ര വ്യവസായ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകളുടെ നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഇവിടങ്ങളില്‍ നിന്ന് വാങ്ങണമെന്നാണ് കരുതുന്നത്. അതേസമയം ചൈനയിലെ വ്യവസായശാലകള്‍ ഏപ്രിലോടെ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ കൂടി ഉത്പാദനം പൂര്‍ണമായും പഴയനിലയിലാകാന്‍ കൂടുതല്‍ സമയം വേണ്ടിവരും.