ഹൈദരാബാദ്: കോവിഡിന്റെ പശ്ചാതലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ തന്റെ മകനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി റസിയാ ബീഗം യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. കര്‍ശനമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ക്കിടെ പൊലീസിന്റെ പ്രത്യേകമായ അനുമതി വാങ്ങിയാണ് റസിയ തന്റെ സ്‌കൂട്ടിയില്‍ യാത്ര ചെയ്തത്. ആന്ധ്രയിലെ നെല്ലൂരില്‍ കുടുങ്ങിയ മകനെ തിരികെ കൊണ്ടുവരാനാണ് അധ്യാപിക കൂടിയായ റസിയ തെലങ്കാനയിലെ നിസാമാബാദില്‍ നിന്ന് യാത്ര തിരിച്ചത്.
വഴിയില്‍ പലയിടത്തുവെച്ച് തടഞ്ഞെങ്കിലും മകനെ നാട്ടിലെത്തിക്കേണ്ട ആവശ്യകതയെ കുറിച്ച് അധികാരികളെ ബോധ്യപ്പെടുത്തി റസിയ യാത്ര തുടര്‍ന്നു. ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് റസിയ പറഞ്ഞു. മകനെയുമായി വീട്ടിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്റര്‍മീഡിയറ്റ് ഡോക്ടറാവാന്‍ ആഗ്രഹിക്കുന്ന റസിയയുടെ മകന്‍ നിസാമുദ്ദീന്‍ ഹൈദരാബാദിലെ ഒരു കോച്ചിങ് സെന്ററില്‍ പരിശീലനം നടത്തി വരികയായിരുന്നു. ഇവിടെ നിന്ന് സുഹൃത്തിന്റെ പിതാവിന് അസുഖമായതു കാരണം അവനെയും കൂട്ടി നെല്ലൂരിലേക്ക് പോയി. ഇതിനിടെ കോവിഡ് ശക്തിപ്പെട്ടതോടെ നിസാമുദ്ദീന്‍ നെല്ലൂരില്‍ കുടുങ്ങി. ഇതോടെ മകനെ തിരികെ കൊണ്ടുവരാന്‍ വേണ്ടി റസിയ ബോധന്‍ എ.സി.പി ജയ്പാല്‍ റെഡ്ഢിയെ സമീപിച്ചു. എ.സി.പി നല്‍കിയ അനുമതിപത്രം കാണിച്ചാണ് ഇവര്‍ നെല്ലൂര്‍വരെ ഇരുചക്ര വാഹനത്തില്‍ എത്തിയത്.
കാട്ടുവഴികളിലൂടെ അടക്കം സഞ്ചരിച്ചാണ് അവര്‍ മകനെ തിരികെ എത്തിച്ചത്. മകനെ തിരികെ കൊണ്ടുവരിക മാത്രമായിരുന്നു ലക്ഷ്യം. വേറെ ഒന്നിനെയും പേടിച്ചിരുന്നില്ല- റസിയാ ബീഗം പറഞ്ഞു.