ന്യൂഡല്‍ഹി: നോവല്‍ കൊറോണ വൈറസിനെതിരെ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ഭാരത് ബയോടെകും സിഡസ് കാഡില്ലയും നിര്‍മിക്കുന്ന വാക്‌സിനുകളുടെ മനുഷ്യരിലെ പരീക്ഷണം ആറു നഗരങ്ങളില്‍ ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള 30 കാരനില്‍ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം നടന്നു. ഇദ്ദേഹം വാക്സിന്റെ 0.5 എംഎല്‍ ഇന്‍ട്രാമസ്‌ക്യുലര്‍ കുത്തിവയ്പ്പാണെടുത്തത്.
കുത്തിവയ്പ്പിന് ശേഷം ഇദ്ദേഹത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും കാണാനായില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഭാരത് ബയോടെക്കിനും സൈഡസിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇവരുടെ വാക്സിന്‍ ആദ്യം പരീക്ഷണാര്‍ത്ഥം കുത്തിവച്ചത് ജൂലൈ 15നാണ്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഡ് വാക്‌സിന്‍ മത്സരത്തില്‍ മൂന്നാമതുള്ളത്. ഓക്സഫെഡ് യൂണിവേഴ്സിറ്റി ഈയിടെ വികസിപ്പിച്ച വാക്സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാനുള്ള അനുമതി കിട്ടിയത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ്. സിറം, ബ്രിട്ടന്റെ അസ്ട്രാ സെനെക്ക കമ്പനിയുമൊത്താണ് വാക്സിന്‍ നിര്‍മിക്കുന്നത്. റെഗുലേറ്ററി അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഇന്ത്യയിലെ പരീക്ഷണം ആരംഭിക്കുമെന്ന് സെറം അറിയിച്ചു.
ഭാരത് ബയോടെക്കിന്റെ കോവക്സിന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ചിട്ടുള്ളത്. ഇത് 12 ആശുപത്രികളില്‍ പരീക്ഷിക്കപ്പെടും. ഡല്‍ഹിയിലെയും പാറ്റ്നയിലെയും എയിംസ്, പിജിഐ റോഹ്തക് തുടങ്ങിയവ അടക്കമുള്ള കേന്ദ്രങ്ങളിലായിരിക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പു നല്‍കുക. 18-55 വയസ്സിനിടയില്‍ പ്രായമുള്ള 500 പേരിലായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ പരീക്ഷിക്കുക.
സിഡസിന്റെ വാക്‌സിനായ സി കോവ് ഡിയുടെ പരീക്ഷണം നിലവില്‍ അഹമ്മദാബാദിലുള്ള സ്വന്തം ഗവേഷണശാലയില്‍ മാത്രമാണ് നടക്കുന്നത്. ഇത് വൈകാതെ മറ്റു നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.