കൊവിഡ് 19; ഖത്തര്‍ എയര്‍വേയ്‌സിന്റെ QR126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

കേരളത്തില്‍ വീണ്ടും അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗികള്‍ യാത്രചെയ്ത ഫെബ്രുവരി 28, 29 തിയ്യതികളിലെ ഖത്തര്‍ എയര്‍വേയ്‌സിന്റെ QR-126 ,QR 514 വിമാനങ്ങളിലെ യാത്രക്കാര്‍ ഉടന്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.

ഇറ്റലിയില്‍ നിന്ന് ഫെബ്രുവരി 28നാണ് അന്‍പത്തിയഞ്ചുകാരനും ഭാര്യയും ഇരുപത്തിരണ്ടുകാരനായ മകനും നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍126) വെനീസ്-ദോഹ വിമാനത്തില്‍ 11.20ന് ദോഹയിലെത്തി ഇവര്‍, അവിടെ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വന്നു. 29ന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്.

പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇറ്റലിയില്‍ നിന്നെത്തിയത്. ഇവര്‍ ഇറ്റലിയില്‍ നിന്നും ദോഹ വഴിയാണ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. ഇവര്‍ക്കൊപ്പം ഇടപഴകുകയോ സഞ്ചരിച്ചവരോ ആയ ആളുകളാണ് ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ : 0471-2552056
ടോള്‍ഫ്രീ 1056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.