പരിശോധിക്കാന്‍ വിസമ്മതിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാസ്‌ക് വലിച്ചെറിഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍

കൊച്ചി: പരിശോധിക്കാന്‍ തയ്യാറാവാത്ത യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌ക് ഇയാള്‍ വലിച്ചെറിയുകയും ചെയ്തതോടെയാണ് അറസ്റ്റു ചെയ്തത്. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കനത്ത നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. കര്‍ശന നടപടികള്‍ക്ക് ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും.

അവശ്യ സര്‍!വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസര്‍കോട് ജില്ലയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനഫലങ്ങള്‍ ഇന്ന് കിട്ടും.

SHARE