കോവിഡ് കാലത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഈ കൊറോണക്കാലത്ത് 10 വയസ്സിന് താഴേയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഹോമിയോപ്പതി ഫിസിഷ്യന്‍ ഡോ. രാജേഷ് കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കൊറോണ വല്ലാതെ പടര്‍ന്നിരിക്കുകയാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകള്‍ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക …..
ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നല്‍കാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ മാത്രം എടുക്കാന്‍ ശ്രമിക്കുക.
ആളുകള്‍ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക.
മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പുറത്ത് പോകാതിരിക്കുക.
കുട്ടികളുമായുള്ള കുടുംബ സന്ദര്‍ശനം, വിരുന്ന് പോക്ക് നിര്‍ബന്ധമായും ഒഴിവാക്കുക. അച്ഛന്‍ വീട് അമ്മ വീട് മറ്റു ബന്ധു വീടുകളില്‍ മാറി താമസിക്കാന്‍ പാടില്ല. സേഫ് ആയി ഒരിടത്ത് നില്‍ക്കുക.
അസുഖം എന്തെങ്കിലും ഉണ്ടെങ്കില്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ വിവരം അറിയിക്കുക, തുടര്‍ ചികിത്സക്ക് നിര്‍ദേശം കിട്ടിയെങ്കില്‍ മാത്രം മറ്റു ആശുപത്രിയില്‍ പോവുക.
നൂല്‍കെട്ട്, മുടി കളയല്‍, പേരിടല്‍ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും മാറ്റി വയ്ക്കുക.
പ്രതിരോധശക്തി കൂടിയ ആഹാരപദാര്‍ത്ഥങ്ങള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.
അയല്‍ വീടുകളില്‍ പോലും കുട്ടികളെ കളിക്കാന്‍ വിടരുത്.
ഇടയ്ക്കിടെ കുട്ടികളുടെ കൈ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകിക്കുക.
ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, മിഠായി എന്തു വാങ്ങിയാലും സാനിറ്റൈസര്‍ ചെയ്യണം. ശേഷം കൈ കഴുകിയിട്ട് മാത്രം കുട്ടികള്‍ക്ക് കൊടുക്കുക.
കുട്ടികളുമായി പുറത്ത് പോകേണ്ട നിര്‍ബന്ധിത സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ ഹെല്‍ത്ത് അധികൃതരെ അറിയിക്കുക.
കുട്ടികളുടെ കുഞ്ഞ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി തുടച്ചു വയ്ക്കണം.