കോവിഡ് പെരുകുന്നു; സഊദി 511, ഖത്തര്‍ 494; കര്‍ശന നടപടികളുമായി ഗള്‍ഫ്

അശ്‌റഫ് തൂണേരി/ദോഹ:
ഗള്‍ഫ് രാജ്യങ്ങളില്‍ അനുദിനം കൊറോണ വൈറസ് രോഗികളുടെ എണ്ണം പെരുകുന്നത് മേഖലയില്‍ ആശങ്ക പടര്‍ത്തുന്നു. സഊദിഅറേബ്യയില്‍ 511 പേര്‍ക്കാണ് കോവിഡ് രോഗം കണ്ടെത്തിയത്.  ഇന്നലെ മാത്രം 119 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫില്‍ ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുടെ രാജ്യമായി സഊദിഅറേബ്യ മാറി. 17 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഖത്തറില്‍ ഇന്നലെ പുറത്തുവിട്ട 13 കേസുകള്‍ ഉള്‍പ്പെടെ 494 പേര്‍ വൈറസ് ബാധിതരായി. 33 പേര്‍ രോഗ മുക്തിയും നേടിയിട്ടുണ്ട്. 10,857 പേരെയാണ് പരിശോധിച്ചത്.
ഒരു മരണം റിപ്പോര്‍ട്ട് ചെയ്ത ബഹ്‌റൈനില്‍ 333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 23 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. 149 പേര്‍ രോഗമുക്തരായി. 22,873 പേരെയാണ് മൊത്തം പരിശോധിച്ചത്.

കുവൈത്തില്‍ 188 പേരാണ് കൊറോണ ബാധിതര്‍.  രോഗമുക്തി നേടിയ 30 പേരുമുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.
യു എ ഇയില്‍ കഴിഞ്ഞ ദിവസം 2 മരണം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മൊത്തം 153 രോഗികളാണ് രാജ്യത്തുള്ളത്. 38 പേര്‍ക്ക് അസുഖം മാറുകയും ചെയ്തു.
ഒമാനില്‍ കഴിഞ്ഞ ദിവസം 3 പേര്‍ക്കു കൂടി പുതുതായി രോഗം കണ്ടെത്തി. 55 പേര്‍ക്കാണ് മൊത്തം രോഗം സ്ഥിരീകരിച്ചത്. രോഗം സുഖപ്പെട്ട് 17 പേരുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.  
അതിനിടെ സഊദിഅറേബ്യ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ച് പരമോന്നത കോടതി ഉത്തരവായി. പൊതുഗതാതം വിലക്കിയതുള്‍പ്പെടെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.  ഖത്തറില്‍ പൊതുഒത്തുചേരല്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സംഘടിക്കല്‍ എല്ലാം നിയമപരമായി വിലക്കി പ്രധാനമന്ത്രിയുടെ ഉത്തരവിറങ്ങി. ലംഘകര്‍ക്ക് കനത്ത ശിക്ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വാഹനങ്ങളില്‍ പോലും ഒത്തുചേരല്‍ പാടില്ല. അതേസമയം അവശ്യ വാഹനങ്ങള്‍ക്ക് വിലക്കില്ല. കോര്‍ണിഷ് ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെ റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും അടച്ചു. ഹോം കോറന്റൈന്‍ ലംഘിച്ച നിരവധി ഖത്തരികള്‍ക്കെതിരെ നിയമനടപടിയെടുത്തതുള്‍പ്പെടെ കര്‍ശന നീക്കവുമായി രാജ്യം മുന്നോട്ടുപോവുകയാണ്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്‍ഡസ്ര്ടില്‍ ഏരിയ 1 മുതല്‍ 30 വരെ പൂര്‍ണ്ണമായും അടക്കുകയും ക്വാറന്റൈന്‍ ഏരിയയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  

കുവൈത്തില്‍ കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ ആയിരം കുവൈത്ത് ദീനാര്‍ പിഴയോ ശിക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അനസ് അല്‍സാലിഹ് അറിയിക്കുകയുണ്ടായി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗിനെത്തുന്നവര്‍ ഒരു മീറ്ററിലധികം അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും ഗള്‍ഫ് രാജ്യങ്ങളില്‍ പുതുതായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.