കോവിഡ്: സംസ്ഥാനത്ത് ഒരു മരണം കൂടി

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് (68) അന്തരിച്ചു. കബറടക്കം കല്ലൂര്‍ മുസ്ലിം ജമാത്തത്തില്‍ നടക്കും. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടുകൂടിയാണ് അദ്ദേഹം മരണപ്പെട്ടത്.

ഏറെ നാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും അബ്ദുള്‍ അസീസിന് ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡയാലിസിസും നടത്തി വന്നിരുന്നു.

ആദ്യ പരിശോധനില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്. വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ക്കോളേജിലേക്ക് മാറ്റുകയായിരുന്നു.

SHARE