വിമാനത്തില്‍ കയറിയ വിദേശിക്ക് കോവിഡ്; 270 യാത്രക്കാരെ ഒഴിപ്പിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കും

കൊച്ചി: കോവിഡ് 19 രോഗബാധയുള്ള യുകെ സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇയാള്‍ ദുബായിലേക്കുള്ള വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കുമെന്നാണ് വിവരം.

മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ടയാളാണു യുകെ പൗരന്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാള്‍ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു.

സ്രവപരിശോധന ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനം. രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്നാറില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇയാള്‍ മൂന്നാറില്‍ നിന്നു പോകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കും.

SHARE