“പണമല്ല പ്രശ്‌നം, ഗൗതം”; ഗംഭീറിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍

ന്യൂഡല്‍ഹി: ബിജെപി ലോക്സഭാംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പണം അനുവദിച്ചുവെന്ന് കാണിച്ചുള്ള ഗംഭീറിന്റെ ട്വീറ്റിനാണ് കെജ്‌രിവാള്‍ മോദി സര്‍ക്കാറിനെതിരെ മുനവച്ച മറുപടിയുമായി കെജ്രിവാള്‍ എത്തിയത്.

പണമല്ല പ്രശ്നം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുവേണ്ട പിപിറ്റി കിറ്റുകളുടെ കുറവാണ് പ്രശ്‌നമെന്നുമായിരുന്നു കെജ്രിവാളിന്റെ മറുപടി.

‘നിങ്ങളുടെ സഹായത്തിന് നന്ദിയുണ്ട് ഗൗതം. ഇവിടെ പണമല്ല പ്രശ്നം, വ്യക്തിസുരക്ഷാ ഉപകരണങ്ങ(പിപിറ്റി)ളുടെ ലഭ്യതയാണ്. എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക്‌ അവ ഉടനടി എത്തിക്കാന്‍ സാധിച്ചാല്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. ഡല്‍ഹി സര്‍ക്കാര്‍ അത് വാങ്ങും.’- അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് ആവശ്യത്തിനുള്ള പിപിറ്റി കിറ്റുകളിലെന്ന ആരോപണം പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ഉന്നയിക്കുന്ന കാര്യമാണ്. ഫെബ്രുവരിയില്‍ കൊറോണ മുന്നറിയിപ്പുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഈ ആവശ്യം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ട സുരക്ഷ ഒരുക്കാതെ അവര്‍ക്ക് വേണ്ടി പാത്രം മുട്ടലും വിളക്കുകത്തികലുമായി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ അത്യാവശ്യ പ്രതിരോധ ഉപകരണങ്ങളുടെ ലഭ്യത കുറവ് മൂലം കോവിഡ് ബാധിതരായി മാറി. ഇതോടെ പ്രതിരോധത്തിലായ ഡല്‍ഹിയിലെ ആപ്പ് സര്‍ക്കാര്‍ പിപിറ്റി കിറ്റുകള്‍ക്കായി ഓടിനടക്കുകയാണ്.

ഇതിനിടെയാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആസ്പത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ കൂടി ഗംഭീര്‍ അനുവദിച്ചത്. ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ അനുവദിക്കുന്നതെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

SHARE