മലപ്പുറം ജില്ലയില്‍ മഞ്ചേരി തുറക്കലില്‍ ഇന്ന് നടക്കാനിരുന്ന 2000 ആള് പങ്കെടുക്കേണ്ട കല്യാണം വെറും രണ്ടു പേരുടെ ഒരു ചടങ്ങ് മാത്രമായി ചുരുങ്ങി. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വരന് വധുവിനെ വീട്ടില്‍ നിന്നും കൂട്ടി കൊണ്ട് പോകുന്ന ഒരു ചെറു ചടങ്ങ് മാത്രമായി ഒരു വലിയ കല്യാണം ചുരുങ്ങുകയായിരുന്നു.
വലിയ കുടുംബമായതിനാല്‍ അടുത്ത ബന്ധുക്കളെപ്പോലും ക്ഷണിക്കാതെയാണ് കല്ല്യാണം കഴിഞ്ഞത്. വധുവിന്റെ പിതാവ് കുന്നുമ്മല്‍ ശരീഫ് പതിനൊന്ന് മക്കള്‍ അടങ്ങുന്ന കുടുംബത്തിലെ രണ്ടമത്തെ പുത്രനാണ്. തന്റെ സഹോദരി സഹോദരങ്ങളെ മാത്രം വിളിച്ചാല്‍ തന്നെ ഈ ചടങ്ങൊരു നിയമലംഘനം ആവുമെന്നാണ് അദ്ദേഹം പറയുന്നത്. ശരീഫ് കുടുംബത്തില്‍ നിന്നും മാത്രം 56 ആളുകള്‍ വരും.
ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ ഇന്ത്യയിലെ നിയമം അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇതു ഇങ്ങനെ ഒരു ചടങ്ങാക്കാനേ എനിക്ക് നിര്‍വാഹമുള്ളൂ അദ്ദേഹം പറഞ്ഞു.
വിദേശത്ത് ജോലിചെയ്യുന്ന സല്സബീല് ആണ് വരന്. കല്ല്യാണം പ്രമാണിച്ച് നാട്ടില്‍ ലീവനെത്തിയിട്ട് മൂന്ന് മാസമായി. ലീവ് തീരാറായിരിക്കെ വ്യോമഗതാഗതം പുന സ്ഥാപിച്ചാല്‍ ആദ്യ വിമാനത്തില്‍ അബുദാബിയിലേ ജോലി സ്ഥലത്തേക്ക് പോവേണ്ട സ്ഥിതിയാണ്. അതുകൊണ്ടാണ് കല്യാണം നീട്ടി വെക്കാതിരുന്നത്.
ജീവിതത്തില്‍ ഒരു വലിയ സന്തോഷ നിമിഷമാണിത് കോളേജിലെ കൂട്ടുകാര്‍ മുഴുവന്‍ ഒരേ കളറുള്ള ഡ്രെസ്സൊക്കെ തൈയ്പ്പിച്ചു എന്റെ കല്യാണം കൂടാന്‍ കാത്തിരിക്കുകയായിരുന്നു എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിയാത്തതില്‍ വലിയ സങ്കടമുണ്ട് പക്ഷെ ഈ അവസ്ഥയില്‍ നമുക്ക് മറ്റൊരു മാര്‍ഗ്ഗമില്ലല്ലോ വധു ആമിന നഹ്ല ചന്ദ്രികയോട് പങ്കുവെച്ചു.
ഈ മഹാമാരിയെ എത്രയും വേഗം നമുക്കു ഇല്ലാതാക്കണം അതിനായി നാട് ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് ഇങ്ങനെ ചെയ്യാനാണ് സാധിക്കുക ഇതെന്റെ ഉത്തരവാദിത്വം ആണ്. മഹാമാരിയെ ചെറുക്കാന്‍ നാടൊന്നാകെ പോരാടുമ്പോള്‍ ആ ചെറുത്തു നില്പ്പില് കണ്ണികള്‍ ആവുകയാണ് ഈ നവ ദമ്പതികളും വീട്ടുകാരും.