കുടകിലും കോവിഡ്; രാജ്യത്ത് കൊറോണ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കുടകിലും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊറോണ ബാധിതരുടെ എണ്ണം 15 ആയി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എച്ച്‌സിഎല്‍ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്ത് കൊറോണ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. കോവിഡ് 19 സമൂഹവ്യാപനം തടയാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി 826 സാംപിളുകള്‍ പരിശോധിച്ചെന്നും ഒന്നും പോസിറ്റീവ് ആയിട്ടില്ലെന്നും ഐസിഎംആര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. പലയിടങ്ങളില്‍നിന്നായി ക്രമമല്ലാത്ത രീതിയിലാണ് സാംപിളുകള്‍ ശേഖരിച്ചത്.

മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കും ആന്ധ്ര, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയില്‍ മുംബൈയിലും ഉല്ലാസ് നഗറിലുമുള്ള സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും എത്തിയവരാണ് ഇരുവരും. മുംബൈയില്‍ കോവിഡ് കണ്ടെത്തിയ 22 കാരി ബ്രിട്ടനില്‍ നിന്നും എത്തിയതാണ്. ഉല്ലാസ് നഗറില്‍ നിന്നുള്ള 49 കാരി ദുബായില്‍ നിന്നാണ് വന്നത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 47 ആയി. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

SHARE