കോവിഡ് 19: കേരളത്തിന് പുതിയ ലാബില്ല; പരിശോധന സൗകര്യം നാലിടത്ത് മാത്രം

അഷ്റഫ് തൈവളപ്പ്

കൊച്ചി: കോവിഡ് 19 രോഗബാധിതരുടെ എണ്ണവും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുമ്പോഴും കേരളത്തില്‍ പരിശോധന സൗകര്യങ്ങള്‍ പരിമിതം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് കൊറോണ വൈറസ് രോഗം പരിശോധിക്കുന്നതിന് 62 ലാബുകളാണ് രാജ്യമൊട്ടാകെയുള്ളത്. ഇതില്‍ നാലെണ്ണം മാത്രമാണ് കേരളത്തില്‍. ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ് കൂടാതെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലാണ് പരിശോധന സൗകര്യമുള്ളത്.

മൂന്നു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച കൊച്ചിയില്‍ പോലും നിലവില്‍ പരിശോധന സൗകര്യങ്ങളില്ല. അഞ്ഞൂറിലേറെ പേര്‍ ഇവിടെ നിരീക്ഷണത്തിലുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ നിരീക്ഷത്തിലാക്കുന്നതും കൊച്ചിയിലെ ആസ്പത്രികളിലാണ്. ദിവസവും മുപ്പതിലേറെ സാമ്പിളുകളാണ് കൊച്ചിയില്‍ നിന്ന് മാത്രം ആലപ്പുഴ എന്‍.ഐ.വിയിലേക്ക് അയക്കുന്നത്. ഇക്കാരണങ്ങളാല്‍ വൈകിയാണ് പരിശോധന ഫലങ്ങള്‍ പുറത്ത് വരുന്നത്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഒമ്പത് പുതിയ പരിശോധന ലാബുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇതില്‍ ഒന്ന് പോലും കേരളത്തിന് അനുവദിച്ചില്ല. ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ വരുന്നത്. കര്‍ണാടകയില്‍ നിലവില്‍ അഞ്ചും തമിഴ്നാട്ടില്‍ നാലും പരിശോധന ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

62 ലാബുകള്‍ക്ക് പുറമേ 56 വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗണസ്റ്റിക് ലബോറട്ടറികളെയും കോവിഡ് 19 സാമ്പിള്‍ ശേഖരണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യന്തത്തില്‍ കൊച്ചിയില്‍ അടിയന്തിര ആവശ്യമെന്ന നിലയില്‍ വൈറോളജി ലാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എംപി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനന് നിവേദനം നല്‍കി. കേരളത്തിലെ പ്രധാന വിമാനത്താവളമായ നെടുമ്പാശേരിയില്‍ ദിനം പ്രതി പതിനായിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. നിലവില്‍ ലാബ് സംവിധാനം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മാത്രമാണുള്ളതെന്നും, കൊച്ചിയില്‍ വൈറോളജി ലാബ് വരുന്നതിലൂടെ വലിയൊരു ഗുണം മറ്റു ജില്ലക്കാര്‍ക്കും വിമാനയാത്രികര്‍ക്കും ലഭിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.

SHARE