മാധ്യമപ്രവര്‍ത്തകന് കോവിഡ്; മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ഭോപ്പാല്‍: കോവിഡ് 19രാജ്യവ്യാപകമായി പടര്‍ന്നു പന്തലിച്ച സാഹചര്യത്തില്‍ മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകള്‍ക്ക് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിനു ശേഷം പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റ് മാധ്യമപ്രര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

600 കോവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പതിനൊന്നെണ്ണം മധ്യപ്രദേശിലാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നാണ്.

അതേസമയം, സാമൂഹിക അകലം പാലിക്കാന്‍ ആരോഗ്യവകുപ്പ് കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കോവിഡ് രോഗവ്യാപനത്തിന്റെ തോത് 89% വരെ കുറയ്ക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രോഗവ്യാപനം തടയാനായാല്‍ ചികിത്സാരംഗത്ത് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

ചെക്ക്‌പോസ്റ്റുകളില്‍ യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കിയാല്‍ സമൂഹത്തില്‍ വൈറസ് പടരുന്നത് മൂന്നു ദിവസം മുതല്‍ മൂന്നാഴ്ച വരെ വൈകിപ്പിക്കാന്‍ കഴിയും. രോഗവ്യാപനം തടയാനും നിയന്ത്രിക്കാനും പൊതു ആരോഗ്യ സംവിധാനവും സമൂഹത്തിന്റെ സന്നദ്ധതയുമാവും നിര്‍ണായകമാകുകയെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നു. രോഗവ്യാപനത്തിന്റെ തീവ്രത കാര്യക്ഷമമായി ജനങ്ങള്‍ തിരിച്ചറിയണമെന്നും ഐസിഎംആര്‍ അഭിപ്രായപ്പെട്ടു.