കോവിഡ് 19: ഇറ്റലിയില്‍ പത്രങ്ങള്‍ പുറത്തിറങ്ങിയത് 10 ചരമ പേജുകളുമായി

റോം: രാജ്യാതിര്‍ത്തികള്‍ കടന്ന പടരുന്ന കൊവിഡ് വൈറസ് ബാധ ഇറ്റലിയില്‍ സൃഷ്ടിക്കുന്ന സമാനതകള്‍ ഇല്ലാത്ത ദുരന്തമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 24 മണിക്കൂറിനിടെ ഇറ്റലിയില്‍ വൈറസ് ബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം 368 ആണ്. മരണസംഖ്യ ഉയര്‍ന്നതോടെ 10 ചരമ പേജുകളുമായാണ് ലൊംബാര്‍ഡി മേഖലയിലെ ലേക്കോ ഡി ബിര്‍ഗാനോ എന്ന പത്രം പുറത്തിറങ്ങിയത്.

ഫെബ്രുവരി ഒമ്പതിന് ഒരു ചരമപ്പേജുമായാണു പത്രം അച്ചടിച്ചത്. പിന്നീട് സാവധാനം ചരമപ്പേജുകളുടെ എണ്ണംകൂടുകയായിരുന്നു. കോവിഡ് ബാധിച്ചുള്ള മരണം 1,266 ലെത്തിയ മാര്‍ച്ച് 13 നു ചരമപ്പേജുകളുടെ എണ്ണം 10 ആയി. ഇപ്പോള്‍ ഇറ്റലിയില്‍ കൊവിഡിനാല്‍ മരണപ്പെട്ടവരുടെ എണ്ണം 1809 ആണ്. ഇത് പ്രകാരം ഒരോ അരമണിക്കൂറിലും ഒരു കൊവിഡ് മരണം ഇറ്റലിയില്‍ നടക്കുന്നു എന്നാണ് കണക്ക്.

ബര്‍ഗമോയില്‍ മരണനിരക്ക് കൂടിയതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ ഇടമില്ലാതായി. തുടര്‍ന്നു പള്ളികളില്‍ പ്രത്യേകം സംവിധാനമുണ്ടാക്കി മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങി. രോഗികളുടെ എണ്ണം കൂടിയതോടെ വിവിധ ആശുപത്രികളില്‍ ആരോഗ്യനില തീരെ മോശമായവര്‍ക്കും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും അത്യാഹിത വിഭാഗത്തില്‍ പ്രവേശനം നിഷേധിച്ചു തുടങ്ങി. യുദ്ധകാലത്തേതിനു സമാനമായ അവസ്ഥയാണ് ആശുപത്രികളിലെന്നാണ് ആരോഗ്യ വ!ൃത്തങ്ങള്‍ തന്നെ പറയുന്നത്. കൊവിഡ് ബാധയെ തുടര്‍ന്നു ഇറ്റലിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നിയന്ത്രണമുണ്ട്.

SHARE