കോവിഡ് ഭാവിക്കു മേല്‍ ഭൂതത്തെ പോലെ തൂങ്ങിയാടുന്നു; മുന്നറിയിപ്പുമായി ആര്‍.ബി.ഐ

മുംബൈ: കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ അതിഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ‘ഭാവിക്കു മേല്‍ ഭൂതത്തെ പോലെ തൂങ്ങിയാടുന്നു’ എന്നാണ് ആര്‍.ബി.ഐ ഇന്ന് പുറത്തുവിട്ട ധന നയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ആഗോള ഉല്‍പ്പാദനം, വിതരണ ശൃംഖല, വ്യാപാരം, ടൂറിസം എന്നിവയില്‍ കനത്ത അവ്യവസ്ഥ’ കോവിഡ് സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണ്‍ 16 ദിവസം പിന്നിടുന്ന വേളയിലാണ് ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

റിപ്പോര്‍ട്ടില്‍ പറയുന്നത്.

  • സാമ്പത്തിക വളര്‍ച്ചാ പാതയിലേക്കുള്ള തിരിച്ചുവരവിനെ കോവിഡ് മഹാമാരി ബാധിച്ചു. കോവിഡ് 19ന് മുമ്പ് 2020-21ല്‍ വളര്‍ച്ച പ്രവചിച്ചിരുന്നതാണ്. എന്നാല്‍ ഇതിനെ ഉഗ്രരൂപത്തില്‍ കോവിഡ് മാറ്റി.
  • കോവിഡ് സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ തീവ്രത, വ്യാപനം, കാലയളവ് എന്നിവ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ വളര്‍ച്ചാ നോട്ടത്തെ ദുഷ്‌കരമാക്കി.
  • മാര്‍ച്ച് 31ന് അവസാനിക്കുന്ന 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ആര്‍.ബി.ഐ പ്രവചിച്ചിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 5.5 വളര്‍ച്ചയുണ്ടാകുമെന്നും പ്രവചിച്ചിരുന്നു. മെയ് അവസാന വാരം 2019-20 അവസാന പാദത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രസിദ്ധീകരിക്കും.
  • കോവിഡിന് ശേഷം ലോകം പോകുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ്. ലോകത്തുടനീളമുള്ള ധനവിപണികള്‍ അങ്ങേയറ്റം ദുര്‍ബലമാണ്. ആഗോള ചരക്കുകളുടെ, പ്രത്യേകിച്ചും ക്രൂഡ് ഓയിലിന്റ വിലയിടിവ് ഇതിന് പ്രധാന കാരണമായി.