കൊറോണ: ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ മരിച്ചു മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ, ലോകസഭയിലും മുന്നറിയിപ്പ്

സഭയിലെ ചോദ്യോത്തര വേളയില്‍ നവീനത് രവി റാണ എംപി സുരക്ഷാ മാസ്‌ക് ധരിച്ച് ചോദ്യം ഉന്നയിക്കുന്നു

ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ ഉപദേഷ്ടാവും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ ഹുസൈന്‍ ഷെയ്‌ഖോലെസ്ലാം ആണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്.
സിറിയയിലെ മുന്‍ അംബാസഡറായിരുന്ന അദ്ദേഹം 1981 മുതല്‍ 1997 വരെ ഉപ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1979 ലെ ഇറാന്‍ ബന്ദിയാക്കല്‍ പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഷെയ്‌ഖോലെസ്ലാം. ഇതോടെ ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നിട്ടുണ്ട്. അതില്‍ 3,513 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

അതേസമയം, ഇതുവരെ 31 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മുന്‍കരുതല്‍ ശക്തമാക്കി. വൈറസ് പ്രചരണത്തിനെതിരെ ലോകസഭയില്‍ അടക്കം മുന്നറിയിപ്പ് നോട്ടീസ് നല്‍കി. സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തുന്നതടക്കം മുന്‍കരുതലുകളാണ് പാര്‍ലമെന്റില്‍ എടുത്തത്. ഡല്‍ഹിയിലെ ഇന്ന് കാലത്തെ സ്‌കൂള്‍ അസംബ്ലി ഒഴിവാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ തൊഴിലാളികളുടെ പഞ്ചിങ് രീതിയില്‍ മാര്‍ച്ച് 31 വരെ പ്രത്യേക രീതി ഏര്‍പ്പെടുത്തി.

കോവിഡിന്റെ പശ്ചാത്തലത്തില്‍, ഇറാനില്‍ നിന്ന് എത്തുന്ന ഇന്ത്യക്കാരുടെ സ്രവ സാംപിളുകള്‍ സ്വീകരിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. അവിടെ ലാബ് സജ്ജമാക്കാനുള്ള ഇന്ത്യയുടെ ശ്രമം ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണിത്. ഇറാന്‍ വിമാനത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 300 സാംപിളുകള്‍ ഇന്ത്യയിലെത്തുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. സാംപിള്‍ ഇന്ത്യയില്‍ പരിശോധിച്ചു വൈറസ് ബാധയില്ലെന്നു ഉറപ്പാക്കുന്നവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ വിമാനം ടെഹ്‌റാനിലെത്തും. അതേസമയം, സാംപിളുമായി ഇന്ത്യയിലെത്തുന്ന ഇറാന്‍ വിമാനത്തില്‍ ഇവിടെ കുടുങ്ങിയിട്ടുള്ള ഇറാന്‍ പൗരന്മാരെ മടക്കി കൊണ്ടുപോകാനും ധാരണയായിട്ടുണ്ട്.

അതേസമയം, നെതര്‍ലാന്റിലും സെര്‍ബിയയിലും വത്തിക്കാനിലും ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 43 കാരനാണ് സെര്‍ബിയയില്‍ കൊറോണ പിടിപെട്ടത്. ഇയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയതെന്ന് സെര്‍ബിയ ആരോഗ്യ മന്ത്രി സ്ലാത്തിബോര്‍ ലോണ്‍കാര്‍ സ്ഥിരീകരിച്ചു. വത്തിക്കാനില്‍ റോം നഗരത്തിലെ താമസക്കാരനാണ് കൊറോണ കേസ് സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. 129 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ ദക്ഷിണകൊറിയയില്‍ 518 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6284 ആയി. 42 പേരാണ് ദക്ഷിണകൊറിയയില്‍ മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ അധികവും പ്രായമേറിയവരാണ്. പകര്‍ച്ചവ്യധിയായ കൊറോണ ബാധിച്ച് ലോകത്താകെ 3000 ലധികം ആളുകളാണ് മരിച്ചത്.