കോവിഡ് 19: സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു; സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യവിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 സമൂഹവ്യാപനഘട്ടത്തിലെത്തിയിട്ടില്ലെന്ന സര്‍ക്കാര്‍വാദത്തെ തള്ളി ആരോഗ്യരംഗത്തെ വിദഗ്ധര്‍. സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും രോഗം നിര്‍മാര്‍ജനം ചെയ്യാമെന്ന ധാരണ നിലവിലെ സ്ഥിതിവെച്ചുനോക്കുമ്പോള്‍ പ്രായോഗികമല്ലെന്നും വിദഗ്ധസംഘം പ്രധാനമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എയിംസിലെയും ഐ.സി.എം.ആറിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും സമൂഹവ്യാപനം നടന്നിട്ടില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. കോവിഡ് കൂടുതല്‍ ബാധിച്ച രാഷ്ട്രങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തിയിട്ടും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായില്ല. ഇത്രയുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചുകഴിഞ്ഞതിനാല്‍ ഇനി രോഗം നിര്‍മാര്‍ജനം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

”രാജ്യത്തെ വലിയവിഭാഗം ജനങ്ങളുടെയിടയില്‍ സമൂഹവ്യാപനം നടന്നുകഴിഞ്ഞത് കൃത്യമായി തെളിയിക്കപ്പെട്ടതിനാല്‍ മഹാമാരി നിര്‍മാര്‍ജനം ചെയ്യാമെന്ന ധാരണ അയഥാര്‍ഥമാണ്. കോവിഡ്വ്യാപനം മെല്ലെയാക്കാനും അതുവഴി ചികിത്സാരംഗത്തുവേണ്ട ഒരുക്കം നടത്താനുമാണ് രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചത്. നാലാംഘട്ടത്തോടുകൂടി അതു സാധിച്ചെങ്കിലും ജനങ്ങളുടെയിടയിലും സമ്പദ്രംഗത്തും അതു വലിയ പ്രത്യാഘാതമുണ്ടാക്കി. അടച്ചിടല്‍ കര്‍ശനമായിരുന്നെങ്കിലും മാര്‍ച്ച് 25 മുതല്‍ മേയ് 24 വരെയുള്ള കാലയളവില്‍ രോഗികളുടെ എണ്ണം 606-ല്‍നിന്ന് 1,38,845-ലേക്ക് ഉയര്‍ന്നു.”

”രോഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി പ്രതിരോധരംഗത്ത് പ്രവര്‍ത്തനപരിചയമുള്ളവരെ കൂടുതല്‍ ആശ്രയിക്കണമായിരുന്നു. അതിനുപകരം ഉദ്യോഗസ്ഥരുടെയും അക്കാദമിക് രംഗത്തുള്ളവരുടെയും ഉപദേശമാണു സ്വീകരിച്ചത്. രാജ്യം ഇപ്പോള്‍ അതിനു വിലകൊടുക്കുകയാണ്” -റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യമല്ലാത്തതും അവ്യക്തവും ചാഞ്ചാട്ടമുള്ളതുമായ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതു വീണ്ടുവിചാരമില്ലായ്മയെ കാണിക്കുന്നു. മഹാമാരിയെ പ്രതിരോധിക്കാന്‍ കൃത്യമായി പഠിച്ചുറപ്പിച്ച ഒരു പദ്ധതിയുണ്ടായിരുന്നില്ല -റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

SHARE