കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാട്; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപിച്ചതോടെ ദുരിതത്തിലായ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യം യുഎഇയിലെ പ്രവാസികളെയായിരിക്കും നാട്ടിലെത്തിക്കുക.

തിരിച്ചെത്തുന്ന പ്രവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസിന്ധിയിലായ പ്രവാസികളുടെ ദുരിതം ജീവിതം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി മുസ്‌ലിം ലീഗും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കോവിഡ് 19 പ്രതിസന്ധിയും മിഡില്‍ ഈസ്റ്റിലെ ബിസിനസുകള്‍ അടച്ചുപൂട്ടലും കാരണം തൊഴിലാളികളായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അവിടെ കടുത്ത ദുരിതം അനുഭവിക്കുകയാണെന്നും അവരെ നാട്ടിലെത്തിക്കാന്‍ പദ്ധതികളുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് രാഹുല്‍ ആവശ്യമുന്നയിച്ചത്.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പദ്ധതികളുമായി കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി നില്‍ക്കെ, നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കൊറന്റൈന് സൗകര്യമൊരുക്കാന്‍ തയ്യാറായി മുസ്ലിം സംഘടനാ നേതാക്കളും രംഗത്തെത്തിയിരുന്നു.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മുസ്ലിം ലീഗ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും വാഹനങ്ങളും വിട്ടുനല്‍കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

പ്രവാസികളെ ഇന്ത്യയിലെത്തിക്കാന്‍ മൂന്നു രീതിയിലുളള പദ്ധതി തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്്. വിമാന മാര്‍ഗമാവും ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ഇന്ത്യയില്‍നിന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ച് ആളുകളെ തിരിച്ചെത്തിക്കാനും ആലോചിന. കൂടാതെ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന. ഗള്‍ഫില്‍നിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റണം.
ഗള്‍ഫിലെ വ്യവസായികളുടെ കൂടി സഹകരണത്തോടെ പ്രവാസികളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നത്. പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനത്തോടും കേന്ദ്രം അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തിലെ വിമാനസര്‍വീസ് തന്നെ കേരളത്തിലേയ്ക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ കപ്പല്‍ വഴിയും ആളുകളെ എത്തിക്കാന്‍ പദ്ധതിയുണ്ട്. അടുത്ത ആഴ്ചതന്നെ പ്രവാസികളെ എത്തിച്ചു തുടങ്ങും എന്നാണ് നയതന്ത്ര കാര്യാലയങ്ങള്‍ നല്‍കുന്ന സൂചന.

രണ്ടാം ഘട്ടത്തിലായിരിക്കും മറ്റു ഗള്‍ഫ് നാടുകളിലുള്ളവരെ തിരിച്ചെത്തിക്കുക.