സംസ്ഥാനത്ത് 453 ഹോട്ട് സ്‌പോട്ടുകൾ; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം-മേയര്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ഇന്ന് 885 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ആശങ്കകള്‍ തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ വര്‍ധയുള്ള സാഹചര്യത്തില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലാണ് ഇന്നും രേഖപ്പെടുത്തിയത്. ഇന്ന് 885 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 724 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധയുണ്ടായത്.

ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും മാറ്റം സംഭവിച്ചു. രോഗബാധിതരുടെ എണ്ണം കൂടിയതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 453 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയുമാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.

അതേസമയം രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്ന് 968 പേര്‍ക്കാണ് രോഗമുക്തിയുണ്ടായി. സംസ്ഥാനത്ത് നിലവില്‍ 9371 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 167 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. തലസ്ഥാനത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്ഥിതി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ജില്ലയില്‍ രോഗവ്യാപനം കുറയുന്ന പ്രവണത കാണുന്നില്ലെന്നാണ് സൂചന. തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, എന്നിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളതെന്നും ഇവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതുകൂടാതെ പുല്ലുവിള, പുതുക്കുറുച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപമേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്. പുല്ലുവിളയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 288 കേസുകള്‍ പോസിറ്റീവാണ്. അതായത് 42.92% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.

സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ്കോട്ടേഴ്സിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൂന്തുറയില്‍ ഡ്യൂട്ടി നോക്കിയ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഇതുവരെ 29 പോലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പല സ്റ്റേഷനിലേയും ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മേയര്‍ അടക്കം സ്വയം നിരീക്ഷണത്തിലാണ്. ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചാല സര്‍ക്കിളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു

ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ 17 എഫ്.എല്‍.ടി.സി.കളിലായി 2103 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും 18 എഫ്.എല്‍.ടി.സി.കള്‍ ഉടന്‍ സജ്ജമാകുമെന്നും ഇവിടെ 1817 കിടക്കകള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.