ഡിബാലക്കും മാള്‍ഡീനിക്കും കോവിഡ് സ്ഥിരീകരിച്ചു; വൈറസ് ബാധയേറ്റ് റയല്‍ മുന്‍ പ്രസിഡന്റ് മരിച്ചു

കായികരംഗത്തും കൊറോണ പിടിമുറുക്കുന്നു. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് വൈറസ് ബാധിച്ച് ശനിയാഴ്ച മരിച്ചു. 1995- 2000 കാലഘട്ടത്തില്‍ റയല്‍ മഡ്രിഡ് പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തില്‍ റയല്‍ രണ്ടുതവണ ചാംപ്യന്‍സ് ലീഗില്‍ മുത്തമിട്ടിരുന്നു.

ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസിന്റെ സൂപ്പര്‍താരം പൗലോ ഡിബാല, കാമുകി ഓറിയാന സബാട്ടിനി, ഇറ്റലിയുടെയും എസി മിലാന്റെയും ഇതിഹാസ താരമായിരുന്ന പൗലോ മാള്‍ഡീനി, മകനും ഫുട്‌ബോള്‍ താരവുമായ ഡാനിയേല്‍ മാള്‍ഡിനി, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന ബെല്‍ജിയം താരം മൗറെയ്ന്‍ ഫെല്ലെയ്‌നി എന്നിവര്‍ക്കും പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്കൊപ്പം കോവിഡ് സ്ഥിരീകരിച്ചെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ച താരമാണ് പൗലോ ഡിബാല. എന്നാല്‍, വ്യാജവാര്‍ത്തയെന്ന് പറഞ്ഞ് ഡിബാല നേരിട്ടാണ് അന്ന് വൈറസ് ബാധിച്ചെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞത്. ഇതിനു പിന്നാലെയാണ് ക്വാറന്റീനിലിരിക്കെ താരത്തിനും കാമുകിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

SHARE