കണ്ണൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കോവിഡ്

കണ്ണൂര്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമല്‍ ജോ അജി(19)ക്കാണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. പരിയാരത്തെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് അമല്‍ ജോ അജിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഒരാഴ്ചയോളം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മരിച്ചു. ഇതേത്തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാല്‍ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സയ്ക്ക് എത്തിയ ചില രോഗികള്‍ക്കും രോഗം കണ്ടെത്തിയിരുന്നു.

SHARE